കൊച്ചി : താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ തനിക്കുണ്ടായ വിഷമം പറഞ്ഞ് ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. സ്ഥാനം ഒഴിയുന്നതിന് മുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവർക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്.
ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താൻ പെയ്‌ഡ് സെക്രട്ടറിയാണെന്ന് പ്രചാരണം ഉണ്ടായിയെന്നും ഇടവേള ബാബു ചൂണ്ടിക്കാണിച്ചു, എന്നാല്‍ സംഘടനയുടെ പ്രവർത്തനങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്. ഞാൻ പദവിയിലിരുന്നപ്പോള്‍ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.