കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ചത് കാറുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നെന്ന്് സംശയം. ഇവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജുവിനെ പൊലീസ് ചോദ്യം ചെയ്തു. മത്സരയോട്ടം നടത്തിയോ എന്നറിയാനാണ് ഇയാളെ വിളിപ്പിച്ചത്. ഇവരെ പിന്തുടര്‍ന്ന കാര്യം കാര്‍ ഉടമ സമ്മതിച്ചിരുന്നു. അമിതവേഗത്തില്‍ വാഹനം ഓടിക്കരുതെന്ന് പറയുന്നതിനാണ് പിന്തുടര്‍ന്നതെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
അതേസമയം, അപകടം നടന്ന ദിവസത്തെ ഹോട്ടലിലെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാനായില്ല. ഈ ദിവസത്തെ ദൃശ്യങ്ങള്‍ റെക്കോര്‍ഡു ചെയ്ത ഡിവിആര്‍ ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്നു നശിപ്പിച്ചതായും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഹോട്ടലില്‍ വൈകി മദ്യം വിളമ്പിയതിന്റെ പേരില്‍ അപകടത്തിനു പിന്നാലെ തന്നെ എക്‌സൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.