ഡൽഹി: ഏകദിന ലോകകപ്പിൽ നാടകീയ രംഗങ്ങൾ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി. ഒരു ബാറ്റർ ഔട്ടായി അടുത്ത ബാറ്റർക്ക് എത്താൻ നിശ്ചിത സമയമുണ്ട്. ആ സമയത്തിനുള്ളിൽ ക്രീസിലെത്തിയില്ലെങ്കിൽ ആ ബാറ്റർക്കെതിരെ എതിർ ടീം താരങ്ങൾക്ക് അപ്പീൽ ചെയ്യാം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അങ്ങനെ ഔട്ടായത് ഇന്നത്ത മത്സരത്തിൽ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ആണ്. ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. ബാറ്റ് ചെയ്യാൻ നോക്കുമ്പോഴാണ് ഹെൽമറ്റിന്റെ തകരാർ കണ്ടത്. മറ്റൊരു ഹെൽമറ്റ് കൊണ്ടുവരാൻ മാത്യൂസ് ആവശ്യപ്പെട്ടു. ഇത് എത്തിയ സമയം മാത്യൂസ് ആദ്യ പന്ത് നേരിടാൻ വൈകിയെന്നാണ് ഷക്കീബ് അൽ ഹസന്റെ ആരോപണം. ഒരു ബാറ്റർ ഔട്ടായാൽ മൂന്ന് മിനിറ്റിൽ പുതുതായി ക്രീസിലെത്തുന്ന താരം അടുത്ത പന്ത് നേരിട്ടിരിക്കണമെന്നാണ് നിയമം.ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസ്സൻ അപ്പീലിൽ അംപയർ ഔട്ട് വിധിച്ചതോടെ ഒരു പന്ത് പോലും നേരിടാതെ സംപൂജ്യനായി ശ്രീലങ്കൻ താരത്തിന് ഡഗ് ഔട്ടിലേക്ക് പോകേണ്ടി വന്നു.നാണക്കേടിന്റെ റെക്കോർഡോടെയാണ് മാത്യൂസ് മടങ്ങിയത്. ബംഗ്ലാദേശ് താരങ്ങളുമായി ചർച്ച നടത്തിയെങ്കിലും അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. ഹെൽമറ്റ് എടുക്കാൻ വൈകിയെന്നായിരുന്നു മാത്യൂസിന്റെ വാദം. ഡഗ് ഔട്ടിലെത്തിയ മാത്യൂസ് ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.