അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട ; 200 കിലോ കഞ്ചാവുമായി വനിത ഉൾപ്പടെ മൂന്നംഗ സംഘം പോലീസ് പിടിയിൽ

അങ്കമാലി :
അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട.200 കിലോയോളം കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം വരുന്ന കഞ്ചാവ് കടത്തുകയായിരുന്ന ഇവർ പോലീസ് പിടിയിലാവുകയായിരുന്നു.രണ്ടു കാറുകളിലായി ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

Advertisements

രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്‍റി നാര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് വാഹന പരിശോധന നടത്തിയപ്പോൾ ടീമിനെ ആകമിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു. ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ കഞ്ചാവ് വാങ്ങിയത്. ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്. കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂര്‍ കുന്നുവഴിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറല്‍ പോലീസ് പിടികൂടുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പോലീസ് പിടികൂടിയത്. എസ്.പി കാർത്തിക്ക്, നാര്‍കോടിക് സെല്‍ ഡി,വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റര്‍, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Hot Topics

Related Articles