അനിമല്‍ തിയറ്ററുകളില്‍ കത്തിക്കയറുന്നു : ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാക്കാൻ ആനിമൽ കുതിയ്ക്കുന്നു 

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ തിയറ്ററുകളില്‍ കത്തിക്കയറുകയാണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം കൊണ്ടുതന്നെ ബോക്സോഫീസ് റെക്കോഡുകള്‍ ഭേദിച്ചിരിക്കുകയാണ്.61 കോടിയാണ് ഒറ്റദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദര്‍ 2 എന്നിവയുടെ റെക്കോഡുകള്‍ അനിമല്‍ തകര്‍ത്തു.ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക,തമിഴ്,കന്നഡ,മലയാളം പതിപ്പുകളില്‍ നിന്നായി 11 കോടിയുമാണ് നേടിയത്. 2023ലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് ചിത്രം. 75 കോടി കലക്ഷനുമായി ജവാനാണ് ഒന്നാമത്.

Advertisements

അനിമല്‍ കാണാന്‍ നീണ്ട ക്യൂവാണ് തിയറ്റുകള്‍ക്ക് പുറത്ത്. റിലീസ് ദിവസം രാവിലെ 6 മണിക്ക് തന്നെ ആളുകളുടെ നീണ്ടനിര തന്നെ തിയറ്ററുകള്‍ക്ക് പുറത്ത് രൂപപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ ചിത്രത്തെക്കുറിച്ച്‌ മികച്ച പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത അവസ്ഥയായി. അര്‍ധരാത്രിക്ക് ശേഷവും ഷോകള്‍ ഉണ്ടായി. മുംബൈ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങള്‍ അര്‍ധരാത്രിക്ക് ശേഷമുള്ള ഷോകള്‍ക്കായി ബുക്കിംഗ് തുറന്നിട്ടുണ്ട്. മുംബൈ ഭയന്ദറിലെ മാക്‌സസ് സിനിമാസില്‍ പുലര്‍ച്ചെ 1, 2, 5.30 എന്നീ സമയങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. ഗോരേഗാവിലെ പിവിആര്‍ ഒബ്‌റോയ് മാളില്‍ 12:30 ന് ക്രമീകരിച്ചിട്ടുണ്ട്. അന്ധേരി പിവിആര്‍ സിറ്റിമാളില്‍ പുലര്‍ച്ചെ 1.05നും ഷോയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് അനിമലിന്‍റെ ദൈര്‍ഘ്യം. ”ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ചിത്രം ഇതുവരെ ഞങ്ങള്‍ പുറത്തിറക്കിയിട്ടില്ല. അതില്‍ ഞങ്ങള്‍ അഹങ്കരിക്കുന്നു. കഥയ്ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താൻ ഇത്രയും സമയം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നി.3 മണിക്കൂര്‍ 49 മിനിറ്റുള്ള ഈ സിനിമയുടെ കട്ട് നമ്മളെല്ലാവരും കണ്ടതാണ്. എന്നാല്‍ അതുപിടിച്ചുവച്ചു. സന്ദീപ് ദൈര്‍ഘ്യം കുറയ്ക്കാൻ ഏറെ പണിപ്പെട്ടിട്ടുണ്ട്.കാരണം നിങ്ങള്‍ക്ക് അത് അത്രയും നീട്ടാൻ കഴിയില്ല.എന്നാല്‍ ദൈര്‍ഘ്യം കണ്ട് പ്രേക്ഷകര്‍ പരിഭ്രാന്തരാകില്ലെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വന്ന് അതിന്‍റെ ഏറ്റവും മികച്ച സിനിമാനുഭവം ആസ്വദിക്കൂ”ഡല്‍ഹിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെ രണ്‍ബീര്‍ പറഞ്ഞിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Hot Topics

Related Articles