ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി എന്‍.എസ്. എസ്. യൂണിറ്റുകളുടെ 14 ലക്ഷം ‘കില്ലാടി’കള്‍ രംഗത്തിറങ്ങും. ലഹരിക്ക് എതിരെ പോരാടുന്ന, കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാടി. ചുവപ്പും കറുപ്പും നിറമണിഞ്ഞാണ് എത്തുക. ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയ്ക്ക് വേണ്ടി തയ്യാറാക്കിയ പ്രതീകമാത്മകമായ പാവയാണ് കില്ലാടി.
സംസ്ഥാനത്തെ 1406 ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്. ക്യാമ്പുകളിലൂടെയാണ് കില്ലാടി പാവകള്‍ നിര്‍മ്മിക്കുന്നത്. തെയ്യത്തിന്റെയും പടയണിയുടെയും കലാരൂപങ്ങള്‍ സ്വാംശീകരിച്ചാണ് കില്ലാടി പാവ നിര്‍മ്മിച്ചിട്ടുള്ളത്. ടൂത്ത് പിക്കുകളും ചുവപ്പും കറുപ്പും നിറമുള്ള ചരടുകളും പശയുമാണ് നിര്‍മ്മാണ സാമഗ്രികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരി വിരുദ്ധ പോരാട്ടമാണ് ഇത്തവണത്തെ പ്രധാന ആശയമെന്ന് മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു. സപ്തദിന എന്‍.എസ്.എസ്. ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കാട്ടികുളം ഗവ. ഹൈസ്ക്കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിലൂടെ നിര്‍മ്മിച്ച കില്ലാടി പാവകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഉജ്ജീവനം പദ്ധതിയും എന്‍.എസ്.എസ്. മുന്നോട്ടു വെയ്ക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍സ് എല്ലാ ക്യാമ്പുകളിലും കുട്ടികള്‍ക്ക് ക്ലാസെടുക്കും. പരിശീലനം സിദ്ധിച്ച കുട്ടികള്‍ സ്കൂളുകളില്‍ മറ്റു കുട്ടികള്‍ക്ക് ഈ ആശയം പകര്‍ന്നു നല്‍കും. സംസ്ഥാനത്തെ പന്ത്രണ്ട് ലക്ഷം കുട്ടികളിലേക്ക് ഈ ആശയം എത്തിക്കാനാണ് ലക്ഷ്യം. ഓരോ യൂണിറ്റിലും ഒരു ഉത്പാദന കേന്ദ്രം എന്ന് ലക്ഷ്യം വച്ചുള്ള നിപുണം പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.