യുവ നടിയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ സംവിധായകന് ഒമർ ലുലുവിന് ഇടക്കാല മുൻകൂർജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്കിയ പരാതി പിന്നീട് നെടുമ്ബാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമർ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു പറഞ്ഞിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നില്‍ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറയുന്നു.