കൊച്ചി: കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടി അനുശ്രീ. സിനിമാ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തി. ദിലീപ്, ഉണ്ണി മുകുന്ദൻ, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമല്‍, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപർണ ബാലമുരളി, അനന്യ, ലാല്‍ജോസ് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി. ഇതിന്റെ വീഡിയോ അനുശ്രീ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവെയ്ക്കാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവതിയാണ്. ഇനിയുള്ള ജീവിതകാലം മുഴുവൻ താലോലിക്കാൻ ഈ ഓർമകളുണ്ടാകും. പ്രിയപ്പെട്ടവർക്കെല്ലാം നന്ദി.’- വീഡിയോയ്ക്കൊപ്പം അനുശ്രീ കുറിച്ചു. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക ഭർത്താവ് പ്രേം ജേക്കബിനൊപ്പമാണ് ചടങ്ങിനെത്തിയത്.
‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിലെ നെയിംപ്ലേറ്റില്‍ എഴുതിയിരിക്കുന്നത് കാണാം. കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നെന്ന് അനുശ്രീ പറയുന്നു. നാല് വർഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഒരു ഫ്ളാറ്റ് അനുശ്രീ സ്വന്തമാക്കിയിരുന്നു. എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാൻ കൂടെ നിന്നത്. കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വർഷം കൊണ്ടാണ് ഇപ്പോള്‍ ഈ വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്നേഹം.’-അനുശ്രീ പറഞ്ഞു.