മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎല്‍എ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎല്‍എ. അൻവർ ഉയർത്തുന്ന പ്രശ്നങ്ങളില്‍ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. യുഡിഫിന് ഇനി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും മാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് പ്രവേശനത്തെ കുറിച്ച് സ്വാഭാവികമായും അവർ ചർച്ച ചെയ്യും. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോല്‍പ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളില്‍ മറ്റു കോണ്‍ഗ്രസ് മത നേതാക്കളെയും കാണും. ചർച്ചയില്‍ പൂർണ്ണ തൃപ്തനാണെന്നും അൻവർ പറഞ്ഞു. നിലവില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചിരിക്കുകയാണ് അൻവർ. പാണക്കാടെത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അൻവർ ഫോണില്‍ സംസാരിച്ചിരുന്നു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്ന് അൻവർ പറഞ്ഞിരുന്നു.
അതേസമയം, മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അൻവറിന്റെ വാക്കുകള്‍. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നില്‍ക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തില്‍ അൻവറിന്റെ പ്രതികരണം.