മൂവി ഡെസ്ക്ക് : ലോകത്തെവിടെയും വലിയ രീതിയില്‍ പ്രേക്ഷകസ്വീകാര്യത ലഭിച്ചിട്ടുള്ള ഴോണറുകളില്‍ ഒന്നാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങള്‍. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ക്ക് എക്കാലവും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു.
ആനന്ദ് നാരായണൻ എന്ന സത്യസന്ധനും ഉത്സാഹിയുമായ പൊലീസുകാരന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസുകാരന്റെ മകനായ ആനന്ദ് ആ ജോലിയിലേക്ക് പ്രവേശിക്കുന്നതും വലിയ മോഹങ്ങളോടെയാണ്. പ്രതി ഏതു കൊമ്പത്തെ ആളായാലും അതൊന്നും തന്റെ സത്യാന്വേഷണത്തെ ബാധിക്കാൻ പാടില്ലെന്നു വിശ്വസിക്കുകയും ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തുകയും ചെയ്യുന്നൊരു പൊലീസുകാരൻ.
കരിയറിന്റെ തുടക്കത്തില്‍ അയാളെ തേടിയെത്തുന്ന പ്രമാദമായൊരു കേസ്- ലൗവ്ലി മാത്തൻ തിരോധാനം. ഏറ്റവും ആത്മാർത്ഥതയോടെയും ജാഗ്രതയോടെയും മുന്നോട്ടുപോയിട്ടും ആ കേസ് എസ്.ഐ ആനന്ദിന്റെ കരിയറിനെ ഒന്നാകെ പിടിച്ചുലയ്ക്കുകയാണ്. സത്യസന്ധമായി കേസന്വേഷണം നടത്തുന്ന പൊലീസുകാർക്കു മുന്നില്‍ എങ്ങനെയാണ് സിസ്റ്റവും പവറും സമൂഹമവുമൊക്കെ മതിലുകള്‍ തീർക്കുന്നതെന്നിന്റെ ഉദാഹരണമായി മാറുകയാണ് ആനന്ദിന്റെ ജീവിതം. പല കാലഘട്ടങ്ങളിലായി നടക്കുന്ന രണ്ടു കൊലപാതകങ്ങളും അവയുടെ അന്വേഷണ വഴികളും അവ എങ്ങനെയാണ് ആനന്ദിന്റെ ജീവിതത്തെ ബാധിക്കുന്നത് എന്നുമൊക്കെയാണ് ചിത്രം പറയുന്നത്.
കരിയറിലെ നാലാമത്തെ പൊലീസ് വേഷവും തെറ്റുപറയാനാവാത്ത രീതിയില്‍ ടൊവിനോ മനോഹരമാക്കിയിട്ടുണ്ട്. കല്‍ക്കി, എസ്ര, തരംഗം തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട ടൊവിനോയുടെ പൊലീസ് കഥാപാത്രങ്ങളുടെയൊന്നും ഷെയ്ഡ് ആനന്ദില്‍ കണ്ടെത്താനാവില്ല. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, കോട്ടയം നസീർ, മധുപാല്‍, അസീസ് നെടുമങ്ങാട്, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. 80- 90 കാലഘട്ടങ്ങളിലായാണ് സിനിമയുടെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത്. 35 വർഷങ്ങള്‍ക്കു മുൻപുള്ള ആ കാലഘട്ടത്തെ പരമാവധി റിയലിസ്റ്റാക്കി തന്നെ പുനരാവിഷ്കരിക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഫോണ്‍ ട്രാക്കിംഗും വാട്സ് ആപ്പും ടെക്നോളജിയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള കേസന്വേഷണങ്ങള്‍ കണ്ടു പരിചയിച്ച പുതിയകാലത്തിന്റെ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാകും, ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുന്ന ചിത്രത്തിലെ കുറ്റാന്വേഷണശൈലി.
പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിച്ച്, ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തി ആദ്യാവസാനം ഫാസ്റ്റ്-പെയ്സ്ഡായി പറഞ്ഞുപോവുന്ന ചിത്രമല്ല ‘അന്വേഷിപ്പിൻ കണ്ടെത്തും’. നേരത്തെ പറഞ്ഞതുപോലെ, പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ പ്രയാണം. നായികമാരോ, പാട്ടോ, ഡാൻസോ പോലുള്ള കൊമേഴ്സ്യല്‍ ഘടകങ്ങളൊന്നുമില്ലാതെയും ചിത്രത്തെ എൻഗേജിംഗായി കൊണ്ടുപോവാനാവുമെന്ന് സംവിധായകനും കൂട്ടരും തെളിയിക്കുന്നുണ്ട്.
സിനിമയുമായി പ്രേക്ഷകർക്ക് വളരെ വേഗത്തില്‍ കണക്റ്റ് ആവാൻ കഴിയുന്ന രീതിയിലാണ് കഥ തുടങ്ങുന്നത്. ആനന്ദ് എന്ന കഥാപാത്രത്തിനെയും പ്ലോട്ടിനെയും മനോഹരമായി തന്നെ ബില്‍ഡ് ചെയ്യുന്നതാണ് ചിത്രത്തിന്റെ ആദ്യപകുതി.
പതിഞ്ഞ താളത്തില്‍ ആരംഭിക്കുന്ന ചിത്രം പതിയെ പ്രേക്ഷകരെ ഹുക്ക് ചെയ്യുകയാണ്. പ്രേക്ഷകരും ആ അന്വേഷണത്തില്‍ നായകന്റെ പക്ഷം ചേരുകയും ഐക്യപ്പെടുകയും ചെയ്യും.
1990കളുടെ പശ്ചാത്തലവും സൂക്ഷ്മമായ പ്രസന്റേഷനും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ചുനില്‍ക്കുന്നു. ആദ്യപകുതിയിലെ ആ കയ്യടക്കവും വിശ്വാസയോഗ്യമായ രീതിയിലുള്ള പ്രസന്റേഷനും രണ്ടാം പകുതിയില്‍ എവിടെയൊക്കെയോ കൈമോശം വരുന്നുണ്ട്. ചിലയിടങ്ങളില്‍ ചിത്രം വളരെ പ്രെഡിക്റ്റബിളാണ്. എന്നിരുന്നാലും, സമഗ്രമായി സമീപിക്കുമ്ബോള്‍ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലറാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. വലിയ രക്തച്ചൊരിച്ചിലുകളും സൈക്കോത്തരങ്ങളുമൊക്കെയുള്ള ക്രിമിനലുകളെ കണ്ടുമടുത്ത പ്രേക്ഷകർക്ക് ഒരു ആശ്വാസക്കാഴ്ചയായിരിക്കും ഈ ചിത്രം.