മലയാളികൾ കാണേണ്ട സിനിമയാണ് വ്യസനസമേതം ബന്ധുമിത്രാതികൾ എന്ന് എ എ റഹീം. കുടുംബസമേതം കാണേണ്ട സിനിമയാണിതെന്നും ടോക്സിക്കായ ബന്ധങ്ങൾ തിരിച്ചറിയാനും അതിനോട് ‘നോ’എന്ന് ഉറപ്പിച്ചു പറയാനും നമ്മുടെ പെൺകുട്ടികൾ പ്രാപ്തി നേടിക്കൊണ്ടിരിക്കുന്നു എന്ന് സിനിമ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. സിനിമയിലെ ഓരോ അഭിനയിതാക്കളും മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചതെന്നും എ എ റഹീം പറഞ്ഞു.
എ എ റഹ്മീന്‍റെ വാക്കുകള്‍ ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശക്തമായ സാമൂഹ്യ വിമർശനം, മനോഹരമായ സിനിമ. ചിരിച്ചു ചിരിച്ചു തലതല്ലിപ്പോകുന്ന രംഗങ്ങൾ “വ്യസനസമേതം ബന്ധുമിത്രാതികൾ”കുടുംബസമേതം കാണേണ്ട സിനിമ. ഇക്കഴിഞ്ഞ ദിവസമാണ് ഞാനും കുടുംബവും സിനിമ കാണുന്നത്. മക്കൾ മുതൽ അച്ഛൻ വരെ ഒരുപോലെ ആസ്വദിച്ച സിനിമ. ജാതിബോധത്തിന്റെ അഹന്തയിലേക്ക് രൂക്ഷമായി പ്രഹരിക്കുന്നുണ്ട് ഈ സിനിമ. അവളെകെട്ടാൻ മതം മാറാം,എന്ന് പറയുന്നിടത്ത് കൂട്ടിച്ചേർക്കുന്നു,“മതം മാത്രം മാറിയാൽ പോരാ ജാതിയും മാറണം.“ജാതി എങ്ങനെയൊക്കെയാണ് നമ്മുടെ കുടുംബങ്ങളിൽ വിവേചനം സൃഷ്ടിക്കുന്നത്? ഒരേ കുടുംബത്തിൽ ഒരു മകളെ സ്വജാതിക്കാരൻ കെട്ടുന്നു,അടുത്ത മകളെ കീഴ്ജാതിക്കാരൻ കെട്ടുന്നു, കീഴ്ജാതിയിൽപെട്ട മരുമകൻ ആ കുടുംബത്തിനുള്ളിൽ അനുഭവിക്കുന്ന വിവേചനം പറയാതെ പറയുന്ന സ്ക്രിപ്റ്റ് ജാതിബോധം സൃഷ്ടിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെ വലിച്ചു പുറത്തിടുന്നു.
ടോക്സിക്കായ ബന്ധങ്ങൾ തിരിച്ചറിയാനും അതിനോട് ‘നോ’എന്ന് ഉറപ്പിച്ചു പറയാനും നമ്മുടെ പെൺകുട്ടികൾ പ്രാപ്തി നേടിക്കൊണ്ടിരിക്കുന്നു എന്ന് ഈ സിനിമ അടയാളപ്പെടുത്തുന്നു. സംവിധായകന്റെയും തിരക്കഥ എഴുതിയവന്റെയും ഒബ്സർവേഷൻ സ്കില്ലിന് കൈയടിക്കണം. തിരുവനന്തപുരം ജില്ലയിലെ ഒരു ശരാശരി മരണവീട്ടിലെ സാധാരണ കാണാറുള്ള ചെറിയ ചെറിയ മാനറിസം പോലും സൂഷ്മമായി പകർത്തിയിട്ടുണ്ട്. അസീസ് നെടുമങ്ങാടും, നോബിയും അവരുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾക്ക് ഈ സിനിമയിൽ വേഷം പകർന്നു.
നോബിയുടെ ഇതുവരെയുള്ള വേഷങ്ങളിൽ നിന്നും വെത്യസ്തമായ കഥാപാത്രം. അസീസ് കൈകാര്യം ചെയ്ത മുരളി എന്ന കഥാപാത്രം മാനസിക സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിൽ വീർപ്പുമുട്ടുന്നത് ഓരോ സീനിലും അങ്ങേയറ്റം പെർഫെക്ഷനോടെ അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റാണ് കഥ കൊണ്ടുപോകുന്നത്. ബൈജുവിന്റെ നല്ല വേഷപ്പകർച്ച.
അനശ്വര രാജൻ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തി. സിനിമയിൽ പേരെടുത്തു പറയേണ്ട നിരവധി കഥാപാത്രങ്ങൾ ഇതുപോലുണ്ട്. ഒറ്റ വരിയിൽ പറഞ്ഞാൽ ഡെഡിക്കേറ്റഡ് അല്ലാത്ത ഒരാളും ഈ സിനിമയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. മല്ലികാ സുകുമാരൻ മുതൽ സിജു സണ്ണി വരെ എല്ലാവരും സ്വാഭാവികമായി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. പൊന്മുടിയിൽ പോകാൻ നിന്ന ഒരു പാവത്തിനെ പെയിന്റ് പണിക്ക് കൊണ്ട് വരുന്നുണ്ട്,പേരറിയില്ല അയാളുടെ പ്രകടനം സിനിമ കണ്ട ആരും മറക്കില്ല.
അധികം വലിയ താരമുഖങ്ങൾ ഈ സിനിമയിൽ ഇല്ല എന്നത് കൊണ്ട് മലയാളി കാണാതെ പോകരുത് ഈ സോഷ്യൽ സറ്റയർ. “ജയ ജയ ഹേ”എന്ന സൂപ്പർ ഹിറ്റ് സമ്മാനിച്ച വിപിൻ ദാസാണ് നിർമ്മാണം. എസ് വിപിൻ എന്ന നവാഗത സംവിധായകന്റെ നല്ല തുടക്കം. കൂടുതൽ എഴുതുന്നില്ല, കാണാൻ കൊള്ളാവുന്ന, ആസ്വദിച്ചു ചിരിക്കാൻ കഴിയുന്ന, വിപിൻദാസും അയാളുടെ പിള്ളേരും ഒരുക്കിയ ഒരു തനിനാടൻപടം.