ന്യൂഡൽഹി : ഡല്‍ഹിയില്‍ സർക്കാരിനെ നയിക്കുന്ന തനിക്ക് നോബല്‍ പുരസ്കാരത്തിന് അർഹതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എ.എ.പി. സർക്കാരിനെതിരേ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വിമർശനങ്ങളും എതിർപ്പുകളും ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാളിന്റെ പരാമർശം. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കുന്നത് തടയാൻ ബി.ജെ.പി. ശ്രമിച്ചു. അവരുടെ മക്കള്‍ക്ക് ലഭിക്കുന്ന അതേ വിദ്യാഭ്യാസം പാവപ്പെട്ടവരുടെ മക്കള്‍ക്കും കിട്ടുന്നതില്‍ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല.
ഡല്‍ഹിയിലെ സർക്കാരിനെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ, അതിനെനിക്ക് നോബല്‍ സമ്മാനം തരണമെന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകള്‍. വെള്ളക്കരത്തിന് ഒറ്റത്തവണ തീർപ്പാക്കല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എം.എല്‍.എമാർ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ചുള്ള പ്രതിഷേധത്തിലാണ് കെജ്രിവാളിന്റെ പരാമർശം. അടയ്ക്കാത്ത കുടിവെള്ള ബില്ലുകള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ നിർദേശം ഡല്‍ഹി ജലബോർഡിന് ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ നല്‍കണമെന്നാണ് എ.എ.പിയുടെ ആവശ്യം.