ദില്ലി: മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 1 മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇഡി കേസില്‍ സുപ്രീം കോടതി നേരത്തെ തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ 26 നാണ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കുന്ന വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്രിവാളിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് ജഡ്ജിമാര്‍ വിധി പറഞ്ഞത്.
കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇഡിയുടെ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐ തിടുക്കം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. 22 മാസങ്ങളായിട്ടും സിബിഐ നടപടി എടുത്തിരുന്നില്ല. കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് ഇഡി കേസില്‍ ജാമ്യം അനുവദിച്ചതിനാല്‍ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിബിഐ അറസ്റ്റ് ന്യായരഹിതമാണ്. അതിനാല്‍ കെജ്രിവാളിനെ ഉടൻ വിട്ടയക്കണമെന്നും സിബിഐ കേവലം ‘കൂട്ടിലടച്ച തത്ത’ മാത്രമല്ല, സ്വതന്ത്രവും സജീവവുമായ ഏജൻസിയാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ഭൂയാൻ കൂട്ടിച്ചേർത്തു. 2021-22 വർഷത്തേക്കുള്ള ദില്ലി മദ്യനയം രൂപീകരിക്കുന്നതില്‍ ക്രമക്കേട് ആരോപിച്ചാണ് അരവിന്ദ് കെജ്രിവാളിനെതിരെ കേസ് എടുത്തത്.
മുഖ്യമന്ത്രിയായ കെജ്രിവാളും മറ്റ് എഎപി നേതാക്കളും ചേർന്ന് നയത്തില്‍ മനഃപൂർവം പഴുതുകള്‍ സൃഷ്ടിച്ചുവെന്നാണ് ആരോപണം. ഇത്തരത്തില്‍ ലഭിച്ച ഫണ്ട് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് അന്വേഷണ ഏജൻസികള്‍ അവകാശപ്പെട്ടിരുന്നു. സിബിഐയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. 2024 മാർച്ച് 21 ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, ജൂണ്‍ 26 ന്, ഇഡി കസ്റ്റഡിയില്‍ ആയിരിക്കെ, അതേ എക്സൈസ് കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിലെടുത്തു. അഞ്ച് മാസത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച കെജ്രിവാളിന്റെ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പ്രവർത്തകർ.