ദില്ലി : മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിക്കുകയായിരുന്നു.
ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ മനു അഭിഷേക് സിങ്‌വി ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്‌പെഷ്യല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.