റിയോ : ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് അർജന്റീന. കഴിഞ്ഞ അഞ്ച് വർഷമായി ഫുട്ബോളില്‍ അവർ നേടാനായി ഇനി ഒരു ട്രോഫി പോലും ബാക്കിയില്ല.പരിശീലകനായ ലയണല്‍ സ്കലോണിയുടെ കീഴില്‍ തകർപ്പൻ പ്രകടനമാണ് താരങ്ങള്‍ നടത്തുന്നത്. അർജന്റീനൻ ഇതിഹാസം ലയണല്‍ മെസിയുടെ സ്വപ്ന നേട്ടങ്ങള്‍ എല്ലാം തന്നെ നേടിയെടുക്കാൻ സഹായിച്ചത് സ്കലോണിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയപോലെ മികച്ച പ്രകടനം ടീം പുറത്തെടുക്കുന്നില്ല. അതില്‍ ആരാധകർ നിരാശരാണ്.വിജയവേട്ട തുടർന്ന അർജന്റീനയ്ക്ക് ഇപ്പോള്‍ മോശമായ സമയമാണ്. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടില്‍ കരുത്തരായ അർജന്റീന പരാഗ്വെയോട് പരാജയപെട്ടു. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെല്‍ ചാക്കോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. അർജന്റീനയ്ക്ക് വേണ്ടി ലൗട്ടാരോ മാർട്ടിനെസ് ആദ്യം ഗോള്‍ നേടി ലീഡ് ഉയർത്തിയിരുന്നു. യുവ താരം എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് അദ്ദേഹം അത് നേടിയത്.അവസാനമായി കളിച്ച നാല് മത്സരങ്ങളില്‍ ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും, ബാക്കി വന്ന രണ്ട് മത്സരങ്ങള്‍ അവർ പരാജയപ്പെടുകയും ചെയ്തു. പക്ഷെ പോയിന്റ് പട്ടികയില്‍ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങളും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് അർജന്റീനയുടെ റിസള്‍ട്ട്. 22 പോയിന്റാണ് നിലവില്‍ അർജന്റീനക്കുള്ളത്. അത് കൊണ്ട് വേള്‍ഡ് കപ്പ് യോഗ്യത ഏറെക്കുറെ അർജന്റീന ഉറപ്പാക്കിയിട്ടുണ്ട്.പക്ഷെ ഇനിയും വിജയം അർജന്റീനയ്ക്ക് അനിവാര്യമാണ്. ആദ്യ ആറ് സ്ഥാനക്കാർക്ക് നേരിട്ടും ഏഴാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് കളിച്ചുകൊണ്ടും വേള്‍ഡ് കപ്പ് യോഗ്യത നേടാൻ സാധിക്കും. ചുരുങ്ങിയത് 27 പോയിന്റുകള്‍ നേടിയാല്‍ മാത്രമേ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ സാധിക്കു. രണ്ട് മത്സരങ്ങളില്‍ നിന്നായി അഞ്ച് പോയിന്റുകള്‍ കൂടി നേടണം. അടുത്ത മത്സരത്തില്‍ പെറുവാണ് അർജന്റീനയുടെ എതിരിലാളികള്.