ബ്യൂണേഴ്‌സ് അയേഴ്‌സ്: അർജന്റീന ഫുട്ബാൾ ലോകത്തിന് നൽകിയ സൂപ്പർ സ്‌ട്രൈക്കർമാരിൽ ഒരാളായ കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ വളർത്തച്ഛന്റെ മരണവും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ചിന്തയുമാണ് 38കാരനായ ടെവസിന്റെ വിരമിക്കലിന് പിന്നിൽ. കഴിഞ്ഞ വർഷം അർജന്റീനൻ ക്ലബ് ബൊക്കോ ജൂനിയേഴ്‌സുമായുള്ള കരാർ അവസാനിച്ച ശേഷം ടെവസ് മറ്റെങ്ങും കളിച്ചിരുന്നില്ല.
യു.എസിൽ നിന്നുൾപ്പെടെ നിരവധി ഓഫറുകൾ തനിക്ക് വരുന്നുണ്ടെന്നും എന്നാൽ ഒന്നും സ്വീകരിക്കുന്നില്ലെന്നും ഫുട്ബാളിന് താൻ എല്ലാം നൽകിക്കഴിഞ്ഞെന്നും ടെവസ് വിരമിക്കൽ വേളയിൽ പറഞ്ഞു. ഒരുവർഷം മുൻപാണ് കൊവിഡ് ബാധിതനായി ടെവസിന്റെ വളർത്തച്ചൻ സെഗുൻഡോ റൈമൻഡോ മരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ വിരമിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ മരണമാണെന്നും ടെവസ് ഇന്നലെ വ്യക്തമാക്കി. എന്റെ ഒന്നാം നമ്ബർ ആരാധകനെ എനിക്ക് നഷ്ടമായി. എട്ടുവയസുമുതൽ എന്റെ കളികാണാൻ അദ്ദേഹം വരുമായിരുന്നു. അദ്ദേഹമില്ലാതെ കളത്തിലിറങ്ങാൻ എനിക്ക് കഴിയില്ല. ടെവസ് വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.
ബൊക്കോ ജൂനിയേഴ്‌സിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് വന്ന താരം തന്റെ പ്രിയ ക്ലബിനായി തന്നെയാണ് അവസാനമായും ബൂട്ട് കെട്ടിയത്. മാഞ്ചസ്റ്രർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, വെസ്റ്റ് ഹാം, യുവന്റസ് എന്നീ പ്രമുഖ ക്ലബുകൾക്കായും ബൂട്ടണിഞ്ഞു. 2004ൽ ഒളിമ്ബിക്‌സ് സ്വർണം നേടിയ അർജന്റീനൻ ടീം അംഗമായിരുന്ന ടെവസ് 2015വരെ ദേശീയ കുപ്പായമണിഞ്ഞു. 76 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടി.