കോട്ടയം: ലോകകപ്പിന്റെ ആഘോഷത്തിന്റെ ഭാഗമായി ഫ്ളക്സ് ബോർഡ് സ്ഥാപിക്കാൻ കയറുന്നതിനിടെ ഷോക്കേറ്റ് വീണു പോയ കൂട്ടുകാരന്റെ ചികിത്സയ്ക്കായി വൈരം മറന്ന് തുക കൈമാറി ഇല്ലിക്കൽ ആലുമ്മൂട്ടിലെ അർജന്റീന – പോർച്ചുഗൽ ഫാൻസ്. ഇല്ലിക്കലിൽ ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇല്ലിക്കൽ കൊറ്റമ്പടം അമീദ്കുട്ടിയുടെ മകൻ അമീൻ മുഹമ്മദിന് ഷോക്കേറ്റത്. ഫ്ളക്സ് ബോർഡ് സ്ഥാപിക്കാൻ കവുങ്ങ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ അർജന്റീന പോർച്ചുഗൽ ഫാൻസ് ആലുമ്മൂട് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടൗട്ടിനായി സമാഹരിച്ച തുക അമീൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇല്ലിക്കൽ പാലത്തിന്റെ മറുകരയിൽ മെസിയുടെ 18 അടി ഉയരമുള്ള കട്ടൗട്ട് നേരത്തെ സ്ഥാപിച്ചിരുന്നു. ഇതിനേക്കാൾ വലുപ്പമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനായാണ് അമീനും സുഹൃത്തുക്കളും ചേർന്ന് കട്ടൗട്ട് സ്ഥാപിക്കാൻ തയ്യാറെടുത്തത്. ഇതിനായി കട്ടൗട്ട് ഉയർത്താൻ ശ്രമിക്കുന്നതിനിടെ 11 കെവി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. അമീനാണ് ഗുരുതരമായി ഷോക്കേറ്റത്. മറ്റു രണ്ടു സുഹൃത്തുക്കൾക്കും നിസാര പപരിക്ക് മാത്രമാണ് ഏറ്റത്. ഷോക്കേറ്റ് അമീന്റെ നില ഗുരുതരമായി തുടരുകയാണ്. അമീൻ ഇപ്പോഴും വെന്റിലേറ്ററിലാണ്.