ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് തമിഴ് ചലച്ചിത്ര സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര്. ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തതുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് നെല്‍സന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന് മൊട്ടൈ കൃഷ്ണന് തുക കൈമാറിയെന്നും മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നും കണ്ടെത്തിയതോടെയാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന് മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എന്നാല്‍ മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു.