അരൂർ: പ്ലാറ്റ്ഫോമില്‍നിന്ന് റെയില്‍ പാളത്തിലേക്ക് കാല്‍തെറ്റിവീണ ഗൃഹനാഥൻ തീവണ്ടി തട്ടി മരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ) അഗസ്റ്റിൻ (അത്തോ-59) ആണ് മരിച്ചത്. അരൂർ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം.
പ്ലാറ്റ്ഫോമിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പോള്‍ അഗസ്റ്റിൻ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നു. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് അഗസ്റ്റിനെ ഇടിച്ചു. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. കല്‍പ്പണിക്കാരനായിരുന്നു. ഭാര്യ: ഷേർളി. മക്കള്‍: സോണറ്റ്, റോണക്സ്. മരുമകള്‍: ഷാര.