കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറൻസ്. വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്. സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎല് സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു.
കൊച്ചി കമീഷണർക്കാണ് ആശ പരാതി നല്‍കിയത്. മർദ്ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു. എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താൻ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേള്‍ക്കും. പ്രിൻസിപ്പല്‍, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാർത്ഥി പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎല് സജീവനും മകള്‍ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛൻ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നും ഇളയമകള്‍ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ പരിശോധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.