അഡലെയ്‌ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയ്‌ക്കു മേല്‍ക്കൈ. മൂന്നാം ദിവസം കളി അവസാനിപ്പിക്കമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്ക് ഒന്‍പതുവിക്കറ്റ് ശേഷിക്കെ 282 റണ്‍ ലീഡ്. ഒരുവിക്കറ്റിന് 45 റണ്ണെന്ന നിലയിലാണ് ഓസീസ്.
13 റൺസുമായി ഡേവിഡ് വാർണർ ആണ് പുറത്തായത്. നൈറ്റ് വാച്ച്‌മാന്‍ മൈക്കല്‍ നേസറാ (രണ്ട്) ണ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസി (59 പന്തില്‍ 21)നു കൂട്ടായി ക്രീസിലുള്ളത്. നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ ഒന്‍പതിന് 473 റണ്ണിനു മറുപടി പറഞ്ഞ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 236 റണ്ണിന് എല്ലാവരും പുറത്തായി.ഇതോടെ ഒന്നാം ഇന്നിംഗ്‌സിൽ ഓസീസ് 237 റണ്ണിന്റെ ലീഡ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു വിക്കറ്റിന് 17 റണ്ണെന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടുന്നതില്‍ നാലു വിക്കറ്റ് നേടിയ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കായിരുന്നു മുന്നില്‍.
നഥാന്‍ ലയണ്‍ മൂന്നും കാമറൂണ്‍ ഗ്രീന്‍ രണ്ടും ഇരകളെ കണ്ടെത്തിയപ്പോള്‍ ശേഷിച്ച ഒരുവിക്കറ്റിന് മൈക്കല്‍ നേസര്‍ അവകാശിയായി. ഓപ്പണര്‍മാരെ രണ്ടാംദിനം തന്നെ നഷ്‌ടമായ ഇംഗ്ലണ്ടിനെ ഡേവിഡ് മലാന്‍, ക്യാപ്‌റ്റന്‍ ജോ റൂട്ട് എന്നിവരുടെ 138 റണ്‍ കൂട്ടുകെട്ട് വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റി. 157 പന്തില്‍ 10 ഫോറടക്കം 80 റണ്ണടിച്ച മലാന്‍ ടീമിന്റെ ടോപ്‌സ്കോററായി. ജോ റൂട്ട് 116 പന്തില്‍ 62 റണ്‍ നേടി.
.ടീം സ്‌കോര്‍ 150-ല്‍ എത്തിയപ്പോള്‍ റൂട്ടിനെ പുറത്താക്കി കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ടു പൊളിച്ചു. പിന്നാലെ മലാനെ സ്‌മിത്തിന്റെ കൈകളിലെത്തിച്ച് സ്‌റ്റാര്‍ക്ക് ഓസീസ് ആധിപത്യം ഉറപ്പിച്ചു.
ഏഴു റണ്ണിന്റെ ഇടവേളയില്‍ ഇരുവരും കൂടാരം കയറിയശേഷം ബെന്‍ സ്‌റ്റോക്‌സ് (34), ക്രിസ് വോക്‌സ് (24) എന്നിവര്‍ മാത്രമാണ് ഇരട്ടയക്കം കടന്നത്. ഒലി പോപ്പ് (അഞ്ച്), ജോസ് ബട്‌ലര്‍ (പൂജ്യം), ഒലി റോബിന്‍സണ്‍ (പൂജ്യം), സ്‌റ്റുവര്‍ട്ട് ബ്രോഡ്(ഒന്‍പത്), ജെയിംസ് ആന്‍ഡേഴ്‌സണ്‍(പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണു മറ്റ് ബാറ്റര്‍മാരുടെ സംഭാവന. അവസാന എട്ടുവിക്കറ്റുകള്‍ വെറും 86 റണ്ണിനു കളഞ്ഞുകുളിച്ച് ഇംഗ്ലണ്ട് സ്വയം ശവക്കുഴി തോണ്ടി.ആദ്യ ടെസ്റ്റിൽ ഓസീസ് വിജയിച്ചിരുന്നു.