എഡ്ജ്‌ബാസ്റ്റണ്‍ : ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിവസത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ . എഡ്ജ്ബാസ്റ്റണില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ബര്‍മിങ്ഹാമില്‍ ആകാശം മേഘാവൃതമാണ്. വീണ്ടും മഴ പെയ്യാനുള്ള സാധ്യതതയും പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഉച്ചക്ക് ശേഷം ആകാശം തെളിയുമെന്നും മത്സരം സാധ്യമാവുമെന്നുമാണ് സൂചന.
ആദ്യ സെഷനില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കളി പുനരാരംഭിച്ചാലും അത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അനുകൂലഘടകമാണ്. പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡിനും മികച്ച സ്വിംഗ് കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ കഴിയും. 281 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സോടെ ഉസ്മാന്‍ ഖവാജയും 13 റണ്‍സുമായി നൈറ്റ് വാച്ച്‌മാന്‍ സ്കോട് ബോളന്‍ഡുമാണ് ക്രീസില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഓസ്ട്രേലിയക്ക് ഇനിയും 174 റണ്‍സ് കൂടി വേണം. ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നില്‍ക്കാനായിരിക്കും ഓസ്ട്രേലിയ പരമാവധി ശ്രമിക്കുക. വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സിലെത്തിയശേഷമാണ് ഓസ്ട്രേലിയക്ക് 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(36), മാര്‍നസ് ലാബുഷെയ്ന്‍(13), സ്റ്റീവ് സ്മിത്ത്(13) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചാല്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡാണ്. ആഷസ് ചരിത്രത്തില്‍ തന്നെ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന നാലാമത്തെ സ്കോറാകും ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ്. 34 റണ്‍സുമായി ക്രീസിലുള്ള ഉസ്മാന്‍ ഖവാജയുടെ പ്രകടനമാകും ഓസീസ് നിരയില്‍ നിര്‍ണായകമാകുക. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിംഗ്സ് തകരാതെ കാത്തത് ഖവാജയായിരുന്നു.