ദില്ലി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസില്‍ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു.
ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തൻവർ. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട് ബിജെപിയില്‍ ചേർന്നു. തൻവറിന്റെ പാർട്ടി മാറ്റം ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഹരിയാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ്, എൻഎസ്യു എന്നിവയുടെ ദേശീയ അധ്യക്ഷനുമായി തൻവർ പ്രവർത്തിച്ചിട്ടുണ്ട്. 5 വർഷത്തിനിടെ 5 പാർട്ടികളില്‍ തൻവർ പ്രവർത്തിച്ചു. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി നായിബ് സിങ് സെയ്നിക്കൊപ്പവും തൻവർ പരിപാടികളില്‍ പങ്കെടുത്തിരുന്നു. 2019 ലെ പരാജയത്തിനു പിന്നാലെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് കോണ്‍ഗ്രസ് വിട്ടത്.