കാസർകോട്: മോഹിനിയാട്ടം കലാകാരനായ ആർ.എല്‍.വി. രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊരിവെയിലത്ത് ഒറ്റയാള്‍ പ്രതിഷേധം. അശോകൻ പെരിങ്ങാരയാണ് ദേഹത്ത് കറുത്ത ചായം പൂശി ചെറുവത്തൂർ ടൗണില്‍ പ്രതിഷേധിച്ചത്. കറുത്തവനെ ആക്ഷേപിച്ച സത്യഭാമ ആർ.എല്‍.വി. രാമകൃഷ്ണനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അശോകന്റെ ഒറ്റയാള്‍ പ്രതിഷേധം. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാർഡും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.
അതോടൊപ്പം ആർ.എല്‍.വി. രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച നർത്തകിക്കെതിരെ പിലിക്കോട് ഗവ. യു.പി. സ്കൂളും പ്രതിഷേധിച്ചു. ക്ലാസിക്കല്‍ നൃത്തം പരിശീലിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥികളായ നർത്തന, ആരാധ്യ, അഹാന, അനുരഞ്ജന എന്നിവരാണ് തങ്ങളുടെ കൂട്ടുകാർക്കൊപ്പം കറുപ്പണിഞ്ഞ് സ്കൂളിലെത്തിയത്. പരീക്ഷയ്ക്കു ശേഷം കുട്ടികള്‍ സ്കൂള്‍ അസംബ്ലി ഹാളില്‍ നൃത്തം അവതരിപ്പിച്ചു.