മുംബൈ : ഏഷ്യ കപ്പ് ടി ട്വന്റി ക്രിക്കറ്റിന്റെ മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പുറത്തു വിട്ടു.ഈ മാസം 27ന് യു എ ഇയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മൊത്തം ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുക.
ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകളെ കൂടാതെ യോഗ്യത റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് യോഗ്യത റൗണ്ട് വിജയിച്ചെത്തുന്ന ടീം മത്സരിക്കുക. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കും. സൂപ്പര്‍ ഫോറില്‍ എത്തുന്ന ടീമുകള്‍ പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ബി ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോറില്‍ കടക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ ഇരു ടീമുകളും കുറഞ്ഞത് രണ്ട് തവണയെങ്കിലും പരസ്പരം ഏറ്റുമുട്ടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27ന് ശ്രീലങ്ക – അഫ്ഗാനിസ്ഥാന് പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യ – പാക്കിസ്ഥാന് പോരാട്ടം. ദുബായിയാണ് ഇന്ത്യ – പാക്കിസ്ഥാന് പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാന് മത്സരം നടക്കും. 31ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.
പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്തംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. ആറിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാ സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും.