ദുബായ്: ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ഉഴറുന്ന രണ്ട് രാജ്യങ്ങൾ ക്രിക്കറ്റ് കളത്തിൽ ഏറ്റുമുട്ടിയപ്പോൾ, വിജയം അഫ്ഗാനിസ്ഥാന്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നു ബുദ്ധിമുട്ടിലായ ശ്രീലങ്കയും, താലിബാൻ ഭരണത്തിൽ വലയുന്ന അഫ്ഗാനിസ്ഥാനുമാണ് ഏഷ്യാക്കപ്പിൽ ഏറ്റുമുട്ടിയത്. അഫ്ഗാൻ ബൗളിംങ് നിരയ്ക്കു മുന്നിൽ മുട്ട് മടക്കിയ ശ്രീലങ്കൻ ബാറ്റർമാരെ നിഷ്പ്രഭരാക്കി, അഫ്ഗാൻ ബാറ്റർമാർ വിജയിച്ച് കയറി.
ടോസ് നേടിയ അഫ്ഗാൻ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ച് ബൗളർമാർ എറിഞ്ഞ് തുടങ്ങിയതോടെ അഞ്ചിന് മൂന്ന് എന്ന നിലയിലേയ്ക്ക് ശ്രീലങ്ക തകർന്നു. ഗുണതിലകയും (17) രാജപക്സയും (38) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് സ്കോർ അൻപതിൽ എത്തിച്ചത്. 49 ൽ ഗുണ തിലക വീണു. പിന്നാലെ 75 ന് ഒൻപതു എന്ന നിലയിൽ ലങ്ക തകർന്നടിഞ്ഞു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കരുണ രത്നേ (31) ആണ് ടീം സ്കോർ നൂറ് കടത്തിയത്. അഫ്ഗാന് വേണ്ടി ഫാറൂഖി മൂന്നും, നബിയും, റഹ്മാനും രണ്ടു വീതം വിക്കറ്റും നവീൻ ഉൾ ഹഖ് ഒരു വിക്കറ്റും വീഴ്ത്തി. പത്ത് ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി അഫ്ഗാൻ ശ്രീലങ്കൻ സ്കോർ മറി കടന്നു.