ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ നേപ്പാളിനെതിരേ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ യശ്വസി ജയ്സ്വാള്‍.ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് ജയ്സ്വാള്‍ സ്വന്തം പേരിനോട് ചേര്‍ത്തത്. 49 പന്ത് നേരിട്ട് 8 ഫോറും 7 സിക്സും ഉള്‍പ്പെടെ 100 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്തായത്. 204.08 സ്ട്രൈക്ക് റേറ്റിലായിരുന്നു ജയ്സ്വാളിന്റെ പ്രകടനം. ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴാണ് ജയ്സ്വാളിന്റെ വെടിക്കെട്ട്.
ടോസ് നേടി ആദ്യം ബാറ്റുചെയ്യാനെത്തിയ ഇന്ത്യക്കായി ജയ്സ്വാള്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നായകന് റുതുരാജ് ഗെയ്ക് വാദ് 23 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ തിലക് വര്‍മ 10 പന്തില്‍ 2 റണ്‍സാണ് നേടിയത്. ജിതേഷ് ശര്‍മ 4 പന്തില്‍ 5 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴാണ് ജയ്സ്വാള്‍ ഗംഭീര ബാറ്റിങ് പ്രകടനത്തോടെ കൈയടി നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ജയ്സ്വാള്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 21ാം വയസിലാണ് ജയ്സ്വാളിന്റെ തകര്‍പ്പന്‍ നേട്ടം. ശുബ്മാന് ഗില്‍ 23 വയസും 146 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് ജയ്സ്വാള്‍ തകര്‍ത്തത്.
സുരേഷ് റെയ്ന 23 വയസും 156 ദിവസവും പ്രായമുള്ളപ്പോഴാണ് ടി20 സെഞ്ച്വറി നേടിയത്. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം സച്ചിന് ടെണ്ടുല്‍ക്കറും (17വയസ്) ഏകദിനത്തില്‍ വിനോദ് കാംബ്ലിയുമാണ് (21 വയസ്). ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി, ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി, അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറി, രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി, ഇറാനി കപ്പില്‍ സെഞ്ച്വറി, ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി, വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി, ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറി, ഐപിഎല്ലില്‍ സെഞ്ച്വറി, ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി എന്നിവയെല്ലാം ജയ്സ്വാളിന്റെ പേരിനൊപ്പമുണ്ട്.
ഈ നേട്ടത്തിലേക്കാണ് ഇപ്പോള്‍ മറ്റൊരു സെഞ്ച്വറി കൂടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ഇതിഹാസമായി താനുണ്ടാവുമെന്ന് അടിവരയിടുന്ന പ്രകടനമാണ് ജയ്സ്വാള്‍ കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് താരമായ ജയ്സ്വാള്‍ അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി മാറുമെന്നുറപ്പാണ്.