അസം ധുബ്രിയിലെ വര്‍ഗീയ സംഘര്‍ഷം: അക്രമികൾക്ക് നേരെ “ഷൂട്ട് അറ്റ് സൈറ്റ്” ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ദിസ്പൂര്‍: അസമിലെ ധുബ്രിയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ (ഷൂട്ട് അറ്റ് സൈറ്റ്) ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബക്രീദ് ആഘോഷത്തിന് പിന്നാലെ ജൂണ്‍ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

Advertisements

സംഘർഷത്തിന് പിന്നാലെ സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നെന്നും അടുത്ത ദിവസം വീണ്ടും അതേസ്ഥലത്ത് പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായതെന്നും ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കല്ലേറ് ഉള്‍പ്പെടെയുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ ക്രിമിനല്‍ പശ്ചാത്തലമുളള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷബാധിത മേഖലയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വര്‍ഗീയ കലാപം ഇളക്കിവിടാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. നബിന്‍ ബംഗ്ല എന്ന ഗ്രൂപ്പിന്റെ പേരില്‍ ആര്‍മി സിഗ്നല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാന്‍ പോരാടണമെന്നാണ് പോസ്റ്ററുകളിലൂടെ ആഹ്വാനം ചെയ്യുന്നത്’- ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ധുബ്രി ജില്ലയില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംങ്ങളാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യയുടെ ഏകദേശം 74 ശതമാനവും മുസ്‌ലിം വിഭാഗമാണ്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തിങ്കളാഴ്ച്ചയോടെ സ്ഥിതിഗതികള്‍ വഷളാവുകയും പ്രതിഷേധങ്ങളും കല്ലേറുമുണ്ടാവുകയായിരുന്നു. അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

Hot Topics

Related Articles