ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതുഗ്രന്‍ ഫോമിലുള്ള ആസ്റ്റണ്‍ വില്ല ജയം തുടരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് വില്ല ഇന്ന് തോല്‍പ്പിച്ചത്. തരം താഴ്ത്തല്‍ ഒഴിവാക്കാന്‍ പൊരുതുന്ന ഫോറസ്റ്റ് ആദ്യ പകുതിയില്‍ വില്ലയെ ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല. പലപ്പോഴും മികച്ച അവസരവും ആദ്യ പകുതിയില്‍ ഫോറസ്റ്റ് തുറന്നു. ആദ്യ പകുതിയില്‍ ലിയോണ്‍ ബെയ്ലിക്ക് പരിക്കേറ്റത് വില്ലക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ വില്ല ഫോറസ്റ്റ് പ്രതിരോധം മറികടന്നു.
48 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രട്രാന്റ് ട്രയോറ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ വില്ലക്ക് ആയി വല കുലുക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജേക്കബ് റംസിയുടെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ ഒലി വാകിന്സ് വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. ലോകകപ്പിന് ശേഷം ഇംഗ്ലീഷ് താരം നേടുന്ന പത്താം ഗോള്‍ ആയിരുന്നു ഇത്. ഉനയ് എമറെ ഏറ്റെടുത്ത ശേഷം സ്വപ്ന കുതിപ്പ് നടത്തുന്ന വില്ല ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഫോറസ്റ്റ് പതിനെട്ടാം സ്ഥാനത്തേക്ക് വീണു.