കൊച്ചി: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നേതൃത്വ ഗുണവും പുതുമയും പ്രകടമാക്കിയ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്സ്.
ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷ സമർപ്പിക്കാം. രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെ നേതൃപാഠവം, നഴ്സിങ്ങ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷ നൽകാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾ വരെ നഴ്സുമാർക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവാർഡിന്റെ കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്നായി 100,000 ലധികം നഴ്സുമാരിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്. മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനുകളിൽ 28% വളർച്ച രേഖപ്പെടുത്തി. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ 2025 നവംബർ 10 നകം സമർപ്പിക്കാം.
വ്യത്യസ്ത ഘട്ടങ്ങളുള്ള മൂല്യനിർണ്ണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപി (EY) ആയിരിക്കും. കൂടാതെ പ്രശസ്തരും, അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരുമായ വിശിഷ്ട ഗ്രാൻഡ് ജൂറി മൂല്ല്യ നിർണ്ണയ ഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും. കർശനമായ വിലയിരുത്തലിനൊടുവിൽ, മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടർന്ന് 2026 മെയ് മാസത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.
“ആരോഗ്യ സംരക്ഷണ രംഗത്തെ എന്റെ കഴിഞ്ഞ 50വർഷത്തിലധികമുള്ള യാത്രയിൽ, ഞാൻ എപ്പോഴും തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്, ഏതൊരു ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെയും ശക്തി അവിടെയുള്ള നഴ്സുമാരുടെ കൈകളിലാണ് എന്നതാണത്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അവരുടെ പ്രതിബദ്ധത, പ്രതിരോധശേഷി, അനുകമ്പ എന്നിവ വലിയ അംഗീകാരം അർഹിക്കുന്നതാണ്. ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നവരെ ആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാൻ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് വിഭാവനം ചെയ്യപ്പെട്ടത്.
ഇന്ന്, ഈ അവാർഡ് അതിന്റെ അഞ്ചാം പതിപ്പിലേക്ക് പ്രവേശിക്കുമ്പോൾ, അതൊരു ആഗോള പുരസ്ക്കാര വേദിയായി വളർന്നിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാരുടെ നേട്ടങ്ങളെ അംഗീകരിക്കുകയും, ആഗോള ആരോഗ്യ പരിചരണ രംഗത്തെ നേതൃമുഖങ്ങളുടെ പിന്തുണയോടെ ലോക വേദിയിൽ അവരുടെ പ്രയത്നങ്ങൾ ആഘോഷിക്കപ്പെടുകയും ചെയ്തു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ ഉദ്യമങ്ങളിലൊന്നായി താൻ കാണുന്നുവെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
നഴ്സുമാർ സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നതും, പുതുമയുള്ള സേവനങ്ങൾക്ക് നേതൃത്വം നൽകുന്നതും, ഏറ്റവും ദുർബലരായ മനുഷ്യർക്ക് കരുതലാകുന്നതും, അതിലൂടെ മനുഷ്യരാശിയിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കുന്നതുമായ പ്രചോദനാത്മകമായ കഥകളാണ് ഓരോ വർഷവും ഈ പുരസ്ക്കാര വേദിയിലൂടെ നാം കേൾക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. അഞ്ചാം പതിപ്പിലേക്കെത്തുമ്പോൾ, അവരുടെ ശബ്ദങ്ങൾ കൂടുതൽ പേരിലേക്ക് ഉച്ചത്തിൽ എത്തിക്കാനും, അതിലൂടെ അവരുടെ സ്വാധീനം ഉയർത്താനും ഈ പുരസ്കാര വേദി ശക്തമായ പ്രതിബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി.