ചികിത്സാമികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ അതീവസങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാനസികവെല്ലുവിളി നേരിടുന്ന യുവതിയ്ക്ക് ആശ്വാസമേകി കൊല്ലത്തെ ആസ്റ്റർ പിഎംഎഫ് ആശുപത്രിയിലെ ഡോക്ടർമാർ. 38 വയസുകാരിക്കാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗശമനം സാധ്യമായത്. യുവതി നേരിട്ടിരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ കൂടി കേട്ടാൽ മാത്രമേ ഈ വിജയത്തിന്റെ വലിപ്പം മനസ്സിലാകുകയുള്ളു. ഉദരത്തിൽ ഒരു വലിയ മുഴ പ്രത്യക്ഷപ്പെട്ടപ്പോഴാണ് യുവതിയെ ബന്ധുക്കൾ ആസ്റ്റർ പിഎംഎഫിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിക്കുന്നത്.
ഡോ. പൂജ മോഹൻ ആണ് പ്രാഥമിക പരിശോധനകളും രോഗനിർണയവും നടത്തിയത്. അമിതവണ്ണം കാരണമുള്ള ബുദ്ധിമുട്ടുകൾ യുവതിയെ അലട്ടിയിരുന്നു. മാനസികവൈകല്യങ്ങൾ നേരിടുന്ന വ്യക്തിയായതിനാൽ യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കുന്നത് അതീവദുഷ്കരമായിരുന്നു. രോഗം കൃത്യമായി നിർണയിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. എട്ടുമാസം ഗർഭിണിയായതിന് സമാനമായ ഉദരമാണ് ഒറ്റനോട്ടത്തിൽ രോഗിക്കുണ്ടായിരുന്നത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വളരെ പണിപ്പെട്ടാണ് യുവതിയുടെ ശരീരത്തിൽ പരിശോധനകൾ നടത്തിയത്. അങ്ങേയറ്റം ക്ഷമയോടുകൂടി പൂർത്തിയാക്കിയ സ്കാനിങ്ങിൽ ഉദരത്തിന്റെ ഇടതുഭാഗത്താണ് അസാധാരണ വലിപ്പമുള്ള മുഴ സ്ഥിതിചെയ്യുന്നതെന്ന് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു പോംവഴി. യുവതിയുടെ സാഹചര്യം കണക്കിലെടുത്ത് രണ്ടുദിവസം മുൻപേ തന്നെ ആസ്റ്റർ പിഎംഎഫിൽ അഡ്മിറ്റ് ചെയ്തു. ഈ സമയംകൊണ്ട് ആവശ്യമായ എല്ലാ ടെസ്റ്റുകളും തയ്യാറെടുപ്പുകളും പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൾട്രാസൗണ്ട് സ്കാനിൽ യുവതിയുടെ ഗർഭാശയത്തിൽ അസാമാന്യവലിപ്പമുള്ള ഫൈബ്രോയിഡുകൾ കണ്ടെത്തി. ഇവ അർബുദമുഴകളല്ലെന്ന് ആദ്യമേ സ്ഥിരീകരിച്ചു. എന്നാൽ ഈ ഫൈബ്രോയിഡുകൾ യുവതിയുടെ ഗർഭപാത്രത്തെ ഞെരിഞ്ഞമർത്തുന്നതായിരുന്നു. ഈ കടുത്ത സമ്മർദ്ദം കാരണം വൃക്കകൾക്ക് തകരാറുകൾ ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമായിരുന്നു. ആ സാഹചര്യമൊഴിവാക്കാൻ യുവതിയുടെ മൂത്രക്കുഴലുകളിൽ സ്റ്റെന്റുകൾ സ്ഥാപിച്ചു. വൃക്കകളിൽ നിന്നും മൂത്രസഞ്ചിയിലേക്ക് തടസങ്ങളില്ലാതെ മൂത്രം കടത്തിവിടുന്നതിനായിരുന്നു ഇങ്ങനെയൊരു മുന്നൊരുക്കം നടത്തിയത്.
അക്ഷീണപ്രയത്നത്തിനും നിരന്തരനിരീക്ഷണത്തിനും ശേഷമാണ് ശസ്ത്രക്രിയക്ക് മെഡിക്കൽ സംഘം തയാറെടുത്തത്. പൊക്കിളിന് മുകളിലുണ്ടായിരുന്ന ഹെർണിയ നീക്കം ചെയ്യാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. സാധാരണ ലംബമായി ഒരു മുറിവുണ്ടാക്കിയാണ് ഇത്തരം മുഴകൾ നീക്കം ചെയ്യാറുള്ളത്. എന്നാൽ യുവതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിവയറ്റിൽ തിരശ്ചീനമായി നീളത്തിലൊരു മുറിവുണ്ടാക്കേണ്ടിവന്നു. യുവതിയുടെ ഗർഭാശയത്തിൽ നിരവധി ഫൈബ്രോയിഡുകൾ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ കണ്ടത്. ഈ ഫൈബ്രോയിഡുകൾ കാരണം ഗർഭാശയം തിരിഞ്ഞുപോയ അവസ്ഥയിലായിരുന്നു. അപ്രതീക്ഷിതമായ ഈ വെല്ലുവിളി കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
അതീവശ്രദ്ധയോടും കരുതലോടും കൂടി നീങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയായി. എന്നിട്ടും സധൈര്യം ഡോക്ടർമാർ ശസ്ത്രക്രിയ തുടർന്നു. അതീവസൂക്ഷ്മതയോടെ ആദ്യം ഗർഭാശയം വേർപ്പെടുത്തി. പിന്നാലെ ഹെർണിയ പരിഹരിച്ചു. ശേഷം ഉദരത്തിലെ അധികകൊഴുപ്പ് നീക്കി ചർമവും പേശികളും ബലപ്പെടുത്തിക്കൊണ്ടുള്ള അബ്‌ഡോമിനോപ്ലാസ്റ്റിയും വിജയകരമായി പൂർത്തിയാക്കി. അതോടെ യുവതിയുടെ ഉദരം സാധാരണഗതിയിലായി. ശസ്ത്രക്രിയക്ക് ശേഷം മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായ പരിചരണവും ശുശ്രൂഷയുമായിരുന്നു യുവതിയ്ക്ക് ആവശ്യം.
ആ ദൗത്യം ഏറെ സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി ആസ്റ്റർ പിഎംഎഫിലെ നേഴ്‌സിങ് സംഘം പൂർത്തിയാക്കി. രോഗം പൂർണമായി ഭേദമാകുന്നത് വരെ മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികൾ ഏറ്റെടുത്ത് അവർ യുവതിയെ ശുശ്രൂഷിച്ചു. ഡോക്ടർമാരും നിരന്തരം നിരീക്ഷണം നടത്തി. ആസ്റ്റർ പിഎംഎഫിലെ മെഡിക്കൽ സംഘത്തിന്റെ വൈദഗ്ധ്യത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായപ്രവർത്തനത്തിന്റെയും ഫലമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്. നിരവധി ആരോഗ്യപ്രശ്നനങ്ങളാൽ വലഞ്ഞിരുന്ന യുവതിയെ, അത്യധികം ആത്മാർത്ഥതയോടെയാണ് ഡോക്ടർമാരും സർജന്മാരും സമീപിച്ചത്. ഗൈനക്കോളജി, യൂറോളജി, ജനറൽ സർജറി, ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ എന്നീ വിഭാഗങ്ങൾ യുവതിയ്ക്ക് വേണ്ടി കൂട്ടായി പ്രയത്നിക്കുകയായിരുന്നു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർണമായ ചികിത്സാരീതികൾ ആവശ്യമായി വരുമ്പോൾ, ഒരു ആശുപത്രി എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാതൃകാപരമായ ഉദാഹരണമാണ് ആസ്റ്റർ പിഎംഎഫ് കാഴ്ചവെച്ചത്.