മലപ്പുറം : ബാങ്ക് എടിഎമ്മുകളില്‍ നിറക്കാന്‍ നല്‍കിയ 1.59 കോടി രൂപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഏജന്‍സിയിലെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. ഊരകം സ്വദേശി എന്‍ ടി ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരന്‍ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം ടി മഹിത്ത് (33), അരീക്കോട് ആശാരിപ്പടി കൃഷ്ണരാജ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവും മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനുമാണ്.
ബാങ്ക് എടിഎമ്മുകളില്‍ പണം നിറക്കുന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംഎസ് ഇന്‍ഫോ സിസ്റ്റം എന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരാണ് പ്രതികൾ. ഏജന്‍സിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 2021 ജൂണ്‍ മാസം മുതല്‍ നവംബര്‍ വരെയുള്ള ആറ് മാസ കാലയളവിനിടയിൽ വിവിധ ബാങ്ക് എടിഎമ്മുകളിൽ എതേണ്ട പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 എടിഎമ്മുകളില്‍ നിറക്കാനായി നല്‍കിയ തുകയില്‍ നിന്ന് 1,59,82,000 രൂപയാണ് തട്ടിയത്. എടി എമ്മുകളില്‍ കഴിഞ്ഞ 20ന് ഓഡിറ്റ് നടത്തിയപ്പോഴാണ് എടി എമ്മുകളിലേക്ക് അനുവദിച്ച തുകയിലും എടിഎമ്മില്‍ നിറച്ച തുകയിലും വ്യത്യാസം കണ്ടെത്തിയത്. തുടര്‍ന്ന് കമ്പനിയുടെ ഓഡിറ്ററും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിഷയം ചര്‍ച്ച ചെയ്ത് തുക കണക്ക് കൂട്ടി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി. തുടർന്ന് മലപ്പുറം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിടിയിലായ പ്രതികൾ അഞ്ച് ആറും വര്‍ഷമായി ഈ മേഖലയില്‍ ഏജൻസിക്ക് കീഴിൽ ജോലി ചെയ്ത് വരികയാണ്. ഈ കാലയളവുകളില്‍ തട്ടിപ്പുകൾ നടന്നതായി പൊലീസ് അന്വേഷിച്ച് വരികയാണ്. സി ഐ. ജോബി തോമസ്, എസ്ഐ എം അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.