പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ ബിന്ദു അമ്മിണി ഫേ്സ ബുക്കില്‍ പങ്ക് വച്ച് കുറിപ്പ് വായിക്കാം,
കേരള സര്‍ക്കാരിന്റെ പ്രത്യേക സുരക്ഷ ലഭിച്ചു കൊണ്ടിരിക്കുന്ന ദളിത് സ്ത്രീ ആണ്??. സിപിഎം വിലക്ക് എടുത്തു ശബരിമലകയറ്റിയവള്‍ എന്ന് രാഷ്ട്രീയ താല്പര്യമുള്ളവരുടെ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്നു. അത് സിപിഎം അനുഭാവികള്‍ പോലും വിശ്വസിച്ചു പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ ബിന്ദു അമ്മിണി എന്ന ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി യിലും മെമ്പര്‍ അല്ല. വിശ്വാസത്തിന്റെ പേരില്‍ സിപിഎം, സിപിഐ തുടങ്ങി ഒരു ഇടതു പക്ഷ പാര്‍ട്ടി യും എന്നെ അടുപ്പിക്കാന്‍ തയ്യാറല്ല. എന്നെ പിന്തുണച്ചാല്‍ ജനകീയ പിന്തുണ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് എന്നെ തീര്‍ത്തും ഒഴിവാക്കാന്‍ തീരുമാനിച്ചവര്‍ എന്റെ ജീവന് നഷ്ടപ്പെവടേണ്ടി വന്നാലും ഒരു പ്രധിക്ഷേധകുറിപ്പ് പോലും ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
പിന്നെ കോണ്‍ഗ്രസ് -സംഘപരിവാര്‍ സംഘടനകള്‍ നിലപാടു വ്യക്തം ആണല്ലോ. ഭക്തിയുടെ പേരില്‍ തല തല്ലി പ്പൊളിക്കാന്‍ നടക്കുന്നവര്‍. ഭരണകൂടത്തിന്റെ ഒത്താശ ലഭിക്കും എന്ന ഉറപ്പിനാല്‍ വീണ്ടും വീണ്ടും ആക്രമണത്തിന് മുതിരുന്നവരും അവരെ പിന്തുണക്കുന്നവരും.
ലിംഗ നീതി നടപ്പാക്കിന്നതിനു ചെറുതാല്ലാത്ത ഇടപെടല്‍ നടത്തിയ എന്നെ ആക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന കേരള പോലീസിനെ ന്യായീകരിക്കാന്‍ എനിക്കാവുന്നില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നില നില്‍ക്കെ ആണ് ഞാന്‍ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരേ ഉത്തരവിന് പ്രകാരം ആണ് എനിക്കും കനക ദുര്‍ഗക്കും സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിന് ഉത്തരവാദിത്വം ഉള്ളത്. എന്നാല്‍ എന്റെ ഒപ്പം സുരക്ഷ യ്ക്കായി ഉണ്ടായിരുന്ന വനിതാ പോലീസ് എന്നെ ഒരു പ്രതിയെ പോലെ കണക്കാക്കി പെരുമാറിയ സാഹചര്യത്തിലാണ് എനിക്ക് അവര്‍ക്കു എതിരെ പരാതി നല്‍കേണ്ടി വന്നത്. പരാതിക്കാരിക്ക് നീതി ലഭ്യമാക്കുന്നതിനു പകരം പ്രൊട്ടക്ഷന്‍ തന്നെ പിന്‍വലിച്ചു പ്രതികാരം തീര്‍ക്കുകയാണ് കേരള പോലീസ് ചെയ്തത്. പ്രൊട്ടക്ഷന്‍ പിന്‍വലിച്ചത് സംബന്ധിച്ച് യാതൊരു അറിയിപ്പും നാളിതുവരെ ലഭിച്ചിട്ടില്ല.
ഇതില്‍ നിന്നും എന്താണ് ഞാന്‍ മനസ്സിലാക്കേണ്ടത് എന്റെ ദളിത് ഐഡന്റിയുടെ പേരില്‍ ഉള്ള വിവേചനം ആയിട്ടല്ലാതെ മറ്റെന്താണ്. സാമ്പത്തികമായി ഒരുപാട് മെച്ചപ്പെട്ട അവസ്ഥയില്‍ നില്ക്കുന്ന ആളല്ല ഞാന്‍. സുരക്ഷയ്ക്ക് വേണ്ടി കാറും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാന്‍ ആവില്ല. സാധാരണ പൗരന്റെ ജീവന് യാതൊരു വിലയുമില്ല എന്നും. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഉള്ളവരുടെ ജീവന് മാത്രമേ സംരക്ഷിക്കപ്പെടേണ്ടതുള്ളൂ എന്നും പറയാതെ പറയുകയാണ് കേരളാ പോലീസ്.
ഇനി ആക്രമണം നടന്ന ശേഷം ഉള്ള പോലീസിന്റെ സമീപനമോ. ആദിവാസികളും ദളിതരും പരാതിക്കാരായി വരുന്ന കേസുകളില്‍ എങ്ങനെ ആണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ. ശരിയായ അന്വേഷണം ഇല്ല. നടപടികള്‍ ഇല്ല. എന്ത് സുരക്ഷ ആണ് കേരളം ഉറപ്പാക്കുന്നത്. എറണാകുളം കമ്മീഷണര്‍ ഓഫീസിനു മുന്പില് ആക്രമിക്കപ്പെട്ടപ്പോള്‍ എന്നെ തടഞ്ഞു വെച്ചു സുരക്ഷ ഒരുക്കിയ പോലീസ്. ഞാന്‍ ആക്രമിക്കപ്പെടാതെ ഇരിക്കാന്‍ എന്നെ തടഞ്ഞു വെക്കുക. ആക്രമികളെ സ്വതന്ത്രമായി വിടുക.
കേരളം സ്ത്രീകള്‍ക്കും ദളിതര്‍ക്കും സുരക്ഷിതമല്ല എന്ന് ഉറപ്പായിരിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന് അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിക്ഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
NB: സേഫ് സോണ്‍ ആക്ടിവിസ്റ്റ് കളും വ്യത്യസ്ഥരല്ല. എനിക്ക് വേണ്ടി സംസാരിച്ചു അപകടത്തില്‍ പെടാന്‍ തയ്യാറല്ലാത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ.
എന്നെ ആക്രമിക്കുന്നവരെ ഞാന്‍ തന്നെ നേരിടാം എന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു വരേണ്ട. മറ്റു നിവര്‍ത്തി ഇല്ലാഞ്ഞിട്ടാണ്. സ്വയം രക്ഷ നോക്കേണ്ടേ.