മുംബൈ: ബോളിവുഡ് നടൻ സല്മാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തില്‍ പ്രതിയും ബിഷ്ണോയി സംഘാംഗവുമായ വിക്കി ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍, ജയിലില്‍ കഴിയുന്ന ഗൂണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ അറിയിക്കുമെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
മുംബൈ കോടതി ജഡ്ജ് ബി.ഡി. ഷെയ്ഖിന്റേതാണ് നടപടി. പ്രതിയ്ക്ക് ജാമ്യം നല്കിയാല് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി പ്രതിയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും കേസില്‍ കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും സല്മാൻ ഖാനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വസതിയ്ക്ക് നേരെ വെടിയുതിർത്തതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ലോറൻസ് ബിഷ്ണോയിയുടെ നിർദേശപ്രകാരമാണ് പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിള്‍ വാങ്ങിയതെന്നും വെടിവയ്പ്പിന് മുമ്പ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല് ബിഷ്ണോയിയുമായി പ്രതികള്‍ സംസാരിച്ചിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സല്മാൻ ഖാന്റെ വസതിയ്ക്ക് നേരെ ബിഷ്ണോയി സംഘം വെടിയുതിർത്തത്. വിക്കി ഗുപ്തയെയും സാഗർ പാലിനെയും കൂടാതെ മൂന്ന് പേർക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സോനുകുമാർ ബിഷ്ണോയി, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാല്‍ സിംഗ് എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ.