പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂർ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭർത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് പ്രത്യേക കോടതിയുടേതാണ് വിധി. 2014 ഒക്ടോബറിലാണ് വള്ളിയെരംഗസ്വാമി രംഗസ്വാമി കൊലപ്പെടുത്തിയത്.
പത്ത് വർഷം മുമ്പായിരുന്നു സംഭവം. ഷോളയൂർ തേക്കുംമുക്കിയൂരിലെ വീട്ടില്‍ ഭർത്താവ് രംഗസ്വാമിയെ കാത്തിരിക്കുകയായിരുന്നു നാല്‍പതുകാരിയായ വള്ളി. പക്ഷെ, മദ്യപിച്ച് വീട്ടിലേക്കെത്തിയ രംഗസ്വാമി കയ്യില്‍ കരുതിയ വടി ഉപയോഗിച്ച് വള്ളിയെ ആദ്യം അടിച്ചു. പിന്നെ വീട്ടിലുണ്ടായിരുന്ന പാറപൊട്ടിക്കുന്ന ഇരുമ്പ്കരണം കൊണ്ടും പൊതിരെ തല്ലി. വള്ളിയുടെ നിലവിളി കേട്ട് ഊരിനടുത്തുള്ളവർ ഓടിക്കൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവർ രംഗസ്വാമിയെ പിടിച്ചു വെക്കാൻ ശ്രമിച്ചെങ്കിലും അവരെയും ക്രൂരമായി മർദിച്ചു. ഇതോടെ ആളുകള്‍ പിൻമാറി. വള്ളിയെ രംഗസ്വാമി വീണ്ടും ക്രൂരമായി മർദിച്ചു. കാലിലും വയറിലും നെഞ്ചിലും തലയിലും രംഗസ്വാമി അടിച്ചു. രംഗസ്വാമിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും വള്ളി മരിച്ചിരുന്നു. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂര മർദനത്തിന് കാരണമെന്നായിരുന്നു രംഗസ്വാമിയുടെ മൊഴി. ഫോറൻസിക് തെളിവുകള്‍ക്കൊപ്പം 20 സാക്ഷികളെയും കേസില്‍ വിസ്തരിച്ചിരുന്നു.