സിഡ്‌നി: സിഡ്‌നിയുടെ ആകാശത്ത് ഒരു തുള്ളി മഴയുണ്ടായിരുന്നില്ലെങ്കിലും, ഓസീസ് ആരാധകരുടെ കണ്ണീരിന് സിഡ്‌നിയെ മുക്കാനുള്ള ശേഷിയുണ്ടായിരുന്നു. അവസാന നിമിഷം വരെ പ്രതീക്ഷ നൽകിയ ശേഷം ശ്രീലങ്ക കീഴടങ്ങിയതോടെ കളിക്കാതെ ചിരവൈരികളായ ഇംഗ്ലണ്ടിനോട് ഓസ്‌ട്രേലിയ കീഴടങ്ങി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നിർണ്ണായക വിജയത്തോടെ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന്റെ സെമിയിലേയ്ക്കു മാർച്ച് ചെയ്തു. ഓസീസ് സംഘാടക സമിതിയിലേയ്ക്കും.
ഇംഗ്ലണ്ടിന് ഏറെ നിർണ്ണായകമായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളർമാരെ പ്രതിരോധിച്ച് എട്ടു വിക്കറ്റിന് 144 എന്ന സ്‌കോർ ശ്രീലങ്ക പടുത്തുയർത്തി. നിസങ്ക 45 അഞ്ചു സിക്‌സും രണ്ടു ഫോറും പറത്തി നേടിയ 67 റണ്ണാണ് ശ്രീലങ്കൻ ഇന്നിംങ്‌സിൽ നിർണ്ണായകമായത്. രാജ്പക്‌സ (22), മെൻഡിസ് (18) എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് തുടങ്ങിയ ഇംഗ്ലണ്ട് ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. അതിവേഗം കളി മതിയാക്കി സെമി ഫൈനലിനുള്ള പരിശീലനം തുടങ്ങണമെന്ന രീതിയിലായിരുന്നു ബട്‌ലറും ഹെയിൽസും ചേർന്ന് വെടിക്കെട്ടടി നടത്തിയത്. 30 പന്തിൽ 47 റണ്ണെടുത്ത ഹെയിൽസ് മടങ്ങിയതോടെ ഇംഗ്ലീഷ് കൂട്ടപ്പലായനവും തുടങ്ങി. സ്‌കോർ 75 ൽ നിൽക്കെ 28 റണ്ണെടുത്ത ബട്‌ലറാണ് ആദ്യം മടങ്ങിയത്. 82 ൽ ഹെയിൽസ് കൂടി വീണതോടെ ഇംഗ്ലീഷ് പടയുടെ മൂർച്ച കുറഞ്ഞു.
82 ന് ഒന്ന് എന്ന നിലയിൽ നിന്നും 111 അഞ്ച് എന്ന നിലയിലേയ്ക്കു ഇംഗ്ലണ്ട് കൂപ്പുകുത്തിയത് പെട്ടന്നായിരുന്നു. പത്ത് ഓവറിൽ 100 കടന്ന ഇംഗ്ലണ്ടിന് അടുത്ത 44 റൺ നേടാൻ വേണ്ടി വന്നത് പത്തോവറായിരുന്നു. ശ്രീലങ്കൻ ബൗളർമാർ ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഈ സമയമെല്ലാം സിഡ്‌നിയിലേയ്ക്കു ആകാംഷയോടെ നോക്കിയിരിക്കുകയായിരുന്നു ഓസീസ് ടീം ഒന്നടങ്കം. പക്ഷേ, ലഹരു കുമാരയെ ബൗണ്ടറിയ്ക്കു പറത്തി വോക്‌സ് ശ്രീലങ്കൻ ടീമിനെയും ഒപ്പം ഓസീസിനെയും തകർത്തെറിഞ്ഞ് ഇംഗ്ലണ്ടിനെ സെമി ഫൈനലിലേയ്ക്കു എത്തിച്ചു.