സിഡ്‌നി: ചാമ്ബ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ആസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ച ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ് ഏകദിനത്തില്‍നിന്ന് വിരമിച്ചു.ടി20 മത്സരങ്ങളില്‍ മാത്രമേ ഇനി ഉണ്ടാകൂ എന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയെ താരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഫെബ്രുവരി 12ന് നല്‍കേണ്ട അന്തിമ പട്ടികയില്‍ സ്റ്റോയിനിസിന് പകരക്കാരനെ ഓസീസ് ഉള്‍പ്പെടുത്തേണ്ടിവരും. പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കല്‍.
ഏകദിനത്തില്‍നിന്ന് വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് സ്റ്റോയിനിസ് പ്രതികരിച്ചു. ”ആസ്‌ട്രേലിയക്കായി ഏകദിനം കളിക്കുകയെന്നത് വലിയ കാര്യമാണ്. പച്ചയും മഞ്ഞയും ജഴ്‌സിയില്‍ കളിക്കാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരമിക്കല്‍ തീരുമാനം അത്ര എളുപ്പമല്ല. എന്നാല്‍ ഏകദിനത്തില്‍ മാറിനില്‍ക്കേണ്ട ശരിയായ സമയമാണിതെന്ന് കരുതുന്നു. എന്റെ കരിയറിലെ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ്. ചാമ്ബ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകുന്ന ടീമിന് എല്ലാ ആശംസകളും നേരുന്നു” -സ്റ്റോയിനിസ് പറഞ്ഞു.
2023 ഏകദിന ലോകകപ്പ് സെമിക്ക് ശേഷം ഒരു ഏകദിനത്തില്‍ മാത്രമാണ് സ്റ്റോയിനിസ് ഓസീസിനായി കളത്തിലിറങ്ങിയത്. ചാമ്ബ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി തിരിച്ചുവിളിച്ചെങ്കിലും കളിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
ഓസീസിനായി 74 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന എസ്‌എ ടി20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനായി സ്റ്റോയിനിസ് കളിച്ചിരുന്നു. ബോളിങ്ങിനിടെ താരത്തിന്റെ കാലില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടി20 ഫോര്‍മാറ്റില്‍ തുടരുമെന്ന് തന്നെയാണ് താരം അറിയിച്ചത്.