ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. വമ്പൻ വിജയമായ ആദ്യ ഭാഗത്തെ പിൻപറ്റി 2022 ൽ സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഉണ്ടായി. ഇപ്പോഴിതാ അവതാർ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ‘അവതാർ : ഫയർ ആൻഡ് ആഷ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യ ട്രെയ്‌ലർ പുറത്തുവന്നു.
ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഒരു ദൃശ്യവിസ്മയം തന്നെയാകും ഈ മൂന്നാം ഭാഗവും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. ഗംഭീര വിഷ്വൽ ക്വാളിറ്റി സിനിമ ഉറപ്പുനൽകുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം ഡിസംബർ 19 ന് 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
2022 ൽ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ ‘അവതാർ ദി വേ ഓഫ് വാട്ടർ’ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 350 മില്യൺ ഡോളറിൽ അണിയിച്ചൊരുക്കിയ സിനിമ ആഗോള തലത്തിൽ നിന്നും നേടിയത് 2 ബില്യൺ ഡോളറിനും മുകളിലാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സിനും 3D ക്കും കയ്യടി ലഭിച്ചിരുന്നു. നാഷണൽ ബോർഡ് ഓഫ് റിവ്യൂവും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും 2022 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ദി വേ ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തിരുന്നു.