ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നല്‍കി നാട്. കാവാലം കൃഷ്ണപുരം നെല്ലൂരിലെ വീട്ടുവളപ്പിലാണ് രാവിലെ ആയുഷിന്‍റെ സംസ്കാരം നടന്നത്. ആയുഷിന് അന്ത്യാഞ്ജലി ഒരു നാടൊന്നാകെ വീട്ടിലേക്കെത്തി. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആയുഷ് യാത്രയാകുമ്പോള്‍ ഒരു നാട് മുഴുവൻ കണ്ണീരണിയുന്ന കാഴ്ചയാണ് കാവാലത്ത് കണ്ടത്.
കുട്ടനാട്ടിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന ആയുഷ് എംബിബിഎസ് പഠനത്തിനുശേഷം കേരളത്തില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ കൂട്ടുകാരായ മറ്റു നാലുപേര്‍ക്കൊപ്പം ആയുഷും മരണത്തെ പുല്‍കി. രാവിലെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത് മുതല്‍ ഉള്ളുനീറുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. രാവിലെ 9.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറുകണക്കിന് പേരാണ് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നല്‍കി. രാവിലെ 11.15ഓടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദന്‍റെ സംസ്കാരം കോട്ടയം മറ്റക്കരയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടതും അഞ്ച് പേർ മരിച്ചതും. അപകടത്തില്‍ പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിലൊരാളുടെ നില അതീവഗുരുതരമാണ്. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.