കോട്ടയം : സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച് സർക്കാർ സാധാരണക്കാരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല എന്നാണ് വെളിവായിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ജേക്കബ് ജനറൽ സെക്രട്ടറി ബി.എ ഷാനവാസ് പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശ്യ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വർധിക്കില്ല എന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സപ്ലൈകോ നിലനിർത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു വില വർദ്ധനവ് എന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഇത് ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പറയുന്നു. പൊതുവിപണിയിലെ അതി രൂക്ഷമായ വിലക്കയറ്റത്തിൻ്റെ കാലത്ത് സാധാരണക്കാർക്ക് ആശ്വാസമായത് സപ്ളൈക്കോയാണ്. ഈ സാഹചര്യത്തിൽ സപ്ലൈകോയിലെ വിലവർധനവ് സാധാരണക്കാരെ ബാധിക്കും എന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടോമി വേദഗിരി അധ്യക്ഷത വഹിച്ചു. അഡ്വ. അനുപ് കങ്ങഴ, ആർ. അശോക്, ജെയിംസ് പതിയിൽ, കൊച്ചുമോൻ പറങ്ങോട്ട്, ബിജു താനത്ത് എന്നിവർ പ്രസംഗിച്ചു.