ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുർവേദയുടെ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണനും സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ഭാവിയില്‍ ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ഇരുവരും കൂപ്പുകൈകളോടെ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ബാബ രാം ദേവ് അത്ര നിഷ്കളങ്കനല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാപ്പ് പറഞ്ഞ് കൊണ്ട് ഇരുവരും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ ഇരുവരും നിരുപാധികം മാപ്പ് പറയുന്നതായി സീനിയർ അഭിഭാഷകൻ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു.
തുടർന്ന് ഇരുവരോടും സംസാരിക്കാൻ ജസ്റ്റിസുമാരായ ഹിമ കോലിയും, എ അമാനുള്ളയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. നിയമത്തിനുള്ളില്‍നിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉള്‍പ്പടെ മറ്റ് ചിത്സരീതികളെ വിമർശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിർദേശിച്ചു. ഏതെങ്കിലും ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ ലക്ഷ്യം വച്ചെല്ല കോടതി അലക്ഷ്യ നടപടിയെന്നും, എല്ലാവരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇരുവരുടെയും മാപ്പ് അംഗീകരിക്കുന്നുവോ, നിരാകരിക്കുന്നുവോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 23 ന് ഇരുവരോടും സുപ്രീംകോടതിയില്‍ ഹാജരായിരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.