മുൾട്ടാൻ: ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസിം ഷാ എന്നീ സുപ്രധാന താരങ്ങളെ ഒഴിവാക്കി ഇറങ്ങിയ പാകിസ്ഥാന് രണ്ടാം ടെസ്റ്റിൽ ഭേദപ്പെട്ട തുടക്കം. മുൾട്ടാനിൽ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്‌ബോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ് അവർ. ബാബറിന് പകരം നാലാം നമ്ബറിൽ ബാറ്റ് ചെയ്യാനെത്തിയ കമ്രാൻ ഗുലാം നേടിയ സെഞ്ച്വറി (118) ആണ് അവർക്ക് തുണയായത്. ഓപ്പണർ സയീം അയൂബ് അർദ്ധ സെഞ്ച്വറി (77) നേടി പുറത്തായി.
വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ (37), ആഗ സൽമാൻ (5) എന്നിവരാണ് ക്രീസിലുള്ളത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണർ അബ്ദുള്ള ഷഫീഖ് (7), ക്യാപ്റ്റൻ ഷാൻ മസൂദ് (3) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ 19-2 എന്ന നിലയിലായിരുന്നു അവർ. ഇടങ്കയ്യൻ സ്പിന്നർ ജാക്ക് ലീച്ച് ആണ് രണ്ട് പേരെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ സയീം അയൂബ് – കമ്രാൻ ഗുലാം സഖ്യം നേടിയ 149 റൺസ് കൂട്ടുകെട്ടാണ് അവരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്യു പോട്സിന് വിക്കറ്റ് സമ്മാനിച്ച് അയൂബ് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അഞ്ചാമനായി എത്തിയ സൗദ് ഷക്കീൽ വെറും നാല് റൺസ് നേടി മടങ്ങി. പിന്നീട് വന്ന റിസ്വാനെ കൂട്ടുപിടിച്ചാണ് ഗുലാം സെഞ്ച്വറി തികച്ചത്. 11 ഫോറും ഒരു സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഷൊയ്ബ് ബഷീർ ആണ് താരത്തെ ക്ലീൻ ബൗൾ ചെയ്ത് പുറത്താക്കിയത്. ഏഴാമനായി എത്തിയ ആഗ സൽമാൻ റിസ്വാന് ഒപ്പം ചേർന്ന് കൂടുതൽ വിക്കറ്റുകൾ ഒന്നാം ദിനത്തിൽ നഷ്ടമാക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷോയ്ബ് ബഷീർ, മാത്യു പോട്സ്, ബ്രൈഡൻ കാർസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുൾട്ടാനിലെ ആദ്യ ടെസ്റ്റിന് ഉപയോഗിച്ച അതേ പിച്ചിൽ തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്.