കാന്‍സര്‍ ബാധയ്ക്ക് കാരണമാകും എന്ന് പ്രചരണത്തെ തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറിന്റെ നിര്‍മ്മാണം ആഗോള തലത്തില്‍ നിര്‍ത്താന്‍ കമ്ബനി തീരുമാനിച്ചു.യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡര്‍ ഒരു കാലത്ത് വിപണിയില്‍ കുത്തക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ ഉത്പന്നം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതി ഉയര്‍ന്നതോടെ നിയമനടപടികളില്‍ പെട്ട് കമ്ബനി ഉഴലുകയായിരുന്നു. യുഎസ്എയിലും കാനഡയിലും ബേബി പൗഡര്‍ നിര്‍മ്മാണവും വില്‍പ്പനയും രണ്ട് വര്‍ഷം മുന്‍പേ കമ്ബനി നിര്‍ത്തിയിരുന്നു. ടാല്‍ക്ക് അധിഷ്ഠിത പൊടികളില്‍ നിന്ന് കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്ക് മാറുമെന്നാണ് കമ്ബനി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.കാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ബേബി പൗഡറിലുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെ വിവിധ 38,000ലധികം കേസുകളാണ് കമ്ബനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഡ്രഗ് റെഗുലേറ്റര്‍ ബോഡി ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്ബനിക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലാണ് കമ്ബനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ കോടതി കയറിയത്. എന്നാല്‍ ആഗോള തലത്തില്‍ ഇത് ഉത്പന്നത്തിന് തിരിച്ചടിയായി. ചില മലയാള മാദ്ധ്യമങ്ങളിലടക്കം അക്കാലത്ത് കോടികള്‍ ചെലവഴിച്ച് കമ്ബനി പരസ്യങ്ങള്‍ നല്‍കിയെങ്കിലും ജനമനസില്‍ തിരികെ കയറാനായില്ല. ഇപ്പോഴും വില്‍പ്പന അവസാനിപ്പിക്കുന്ന ഘട്ടത്തിലും തങ്ങളുടെ ഉല്‍പ്പന്നം സുരക്ഷിതമാണെന്ന നയമാണ് കമ്ബനിക്കുള്ളത്.’നമ്മുടെ സൗന്ദര്യവര്‍ദ്ധക ടാല്‍ക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് മാറ്റമില്ല. ലോകമെമ്ബാടുമുള്ള മെഡിക്കല്‍ വിദഗദ്ധരുടെ പതിറ്റാണ്ടുകളായി സ്വതന്ത്രമായ ശാസ്ത്രീയ വിശകലനത്തിന് പിന്നില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു, ടാല്‍ക്ക് അടിസ്ഥാനമാക്കിയുള്ള ജെ & ജെ ബേബി പൗഡര്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ക്യാന്‍സറിന് കാരണമാകില്ലെന്നും സ്ഥിരീകരിക്കുന്നു.’ കമ്ബനി വ്യക്തമാക്കുന്നു. 1894 മുതല്‍ വിപണിയില്‍ സാന്നിദ്ധ്യമായിരുന്നു ജോണ്സണ് ആന്‍ഡ് ജോണ്സന് ബേബി പൗഡര്‍.