കൊച്ചി: ആദ്യ വിവാഹ ബന്ധം തകർന്നതിനെ കുറിച്ചും അതിന് പിന്നാലെ തനിക്ക് ഉണ്ടായ പ്രണയത്തെ കുറിച്ചുമെല്ലാം ആര്യ ബഡായി മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. മുൻ ഭർത്താവിന്റെ സഹോദരിയുടെ സുഹൃത്തിനെയായിരുന്നു ആര്യ പ്രണയിച്ചത്. എന്നാല്‍ പിന്നീട് ഈ ബന്ധം വേർപിരിയുകയായിരുന്നു. തന്റെ കാമുകനും ഉറ്റസുഹൃത്തും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും അവർ തന്നെ ചതിച്ചെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇപ്പോഴിതാ പ്രണയം തകർന്ന സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആര്യ. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എൻറേത് ഒരു ബ്രോക്കണ്‍ മാരേജ് ആയിരുന്നു. അതിന്റെ പേരില്‍ ഞങ്ങള്‍ രണ്ട് പേരും പല പഴിയും കേട്ടിട്ടുണ്ട്. അതൊട്ടും സുഖമുള്ള കാര്യമല്ല. ഒരുപക്ഷെ കുറച്ച് കൂടുതല്‍ കേട്ടത് ഞാനാണ്. കാരണം കുഞ്ഞ് എന്റെ കൈയ്യിലാണല്ലോ. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തിലേക്ക് പോകുമ്ബോള്‍ അതൊരു പ്രോപ്പർ റിലേഷൻഷിപ്പ് ആയിരിക്കണമെന്ന് ഞാൻ ചിന്തിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ പ്രണയത്തിലായപ്പോള്‍ എനിക്ക് ടൈം പാസ് ആയിരുന്നില്ല അത്. ഉറപ്പായും വിവാഹം കഴിക്കും, ഒരു കുടുംബമായി പോകും എന്നൊക്കെ ഞാൻ കരുതി. അങ്ങനെ തന്നെയായിരുന്നു ആ ബന്ധം പോയത്. അതുകൊണ്ട് തന്നെ പ്രണയം തകർന്നപ്പോള്‍ എനിക്ക് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. ഞാൻ ഡിപ്രഷനിലായിപ്പോയി. കാരണം ഒരിക്കലും എന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹം പോകില്ലെന്ന് കരുതിയിരുന്നു. അത് ഇല്ലാതായപ്പോള്‍ ഞാൻ തകർന്നു.
പ്രണയം തകർന്നപ്പോള്‍ ഞാൻ തിരിച്ചറിഞ്ഞിരുന്നു ഒരുപക്ഷെ ആദ്യ ബന്ധത്തില്‍ ഞാൻ കുറച്ചെങ്കിലും വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ അത് നിലനിന്നിരുന്നേനെയെന്ന്.ഡിപ്രഷൻ സമയത്തൊക്കെ ഞാൻ കരുതിയിട്ടുണ്ട് (ആദ്യ ഭർത്താവിനെ) തിരിച്ചുവിളിച്ച് ക്ഷമ ചോദിച്ച് തിരിച്ചുപോയാലോയെന്ന്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നില്ല. അപ്പോഴേക്കും അദ്ദേഹം വേറൊരു റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയതിനാല്‍ അദ്ദേഹം ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ സമയത്ത് അദ്ദേഹത്തോട് പറയാൻ എനിക്ക് ധൈര്യം വന്നില്ല.
അദ്ദേഹം വിവാഹം കഴിച്ച് സന്തോഷമായി പോകുന്നു. വിവാഹത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഒരു ഷോക്കായിരുന്നു. പക്ഷെ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ഞാൻ അല്ല, അദ്ദേഹത്തിന് യോജിച്ച വ്യക്തി ഇപ്പോഴത്തെ ഭാര്യ തന്നെയാണെന്ന്. എനിക്കുള്ള ആള്‍ വേറെ എവിടെയെങ്കിലും ഉണ്ടായിരിക്കും.
പ്രണയം തകർന്ന സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് ഞാൻ കരുതിയിരുന്നു. ആ ചിന്തയില്‍ നിന്ന് എന്നെ പിന്നോട്ട് വലിച്ചത് മകള്‍ ആണ്. എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തേനെ. അച്ഛൻ ഇല്ലായിരുന്നല്ലോ. എന്റെ അമ്മയും സഹോദരിയും മകളും മാത്രമേ ഉള്ളൂ. അവരുടെ ഉത്തരവാദിത്തം എനിക്കല്ലേ. ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ നാളെ എന്റെ മകള്‍ കേള്‍ക്കേണ്ടി വന്നേനെ പ്രണയം തകർന്നതിന് ആത്മഹത്യ ചെയ്തവളല്ലേ നിന്റെ അമ്മയെന്ന്. പിന്നെ സുഹൃത്തുക്കളോടും കുടുംബത്തോടൊക്കെ സംസാരിച്ച് തുടങ്ങി. അങ്ങനെ തിരിച്ചുവന്നതാണ്.
എന്റെ കാര്യങ്ങള്‍ സ്വയം ചെയ്യാൻ എനിക്ക് പ്രാപ്തിയുണ്ട്. എന്നിരുന്നാലും ഒരാള്‍ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. സാമ്ബത്തികമായി യാതൊരു പിന്തുണയും എനിക്ക് ആ വ്യക്തിയില്‍ നിന്ന് വേണ്ട. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയി എന്ന് തോന്നുന്നിടത്ത് ഒരാളെ കിട്ടിയാല്‍ സന്തോഷം. ആ ആഗ്രഹത്തിന്റെ പുറത്താണ് കണ്ട കുഴിയിലൊക്കെ ചാടിക്കൊടുക്കുന്നത്’, താരം പറഞ്ഞു.