ചെന്നൈ: തമിഴ്നാട്ടിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’. തമിഴ്നാട് ബോക്സ് ഓഫീസിൽ 150 കോടിക്ക് മുകളിൽ വിക്രം കളക്ട് ചെയ്തു കഴിഞ്ഞു.
റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും മികച്ച കളക്ഷൻ ആണിത്. ഇതോടെ ‘ബാഹുബലി; ദ കൺക്ലൂഷൻ’ സൃഷ്ടിച്ച റെക്കോർഡാണ് വിക്രം മറികടന്നിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം146 കോടിയാണ് ബാഹുബലിയുടെ തമിഴ്നാട് ബോക്സ് ഓഫീസ് കളക്ഷൻ. ഈ റെക്കോർഡ് മറികടന്നുവെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. സിനിമ ആഗോളതലത്തിൽ 315 കോടിക്ക് മുകളിൽ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ ആഗോളതലത്തിൽ 200കോടി ബോക്സ് ഓഫീസിൽ വിക്രം ഇടം നേടിക്കഴിഞ്ഞിരുന്നു.
ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ‘വിക്ര’മിന് കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 35 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതും. കേരളത്തിലും റെക്കോർഡ് സൃ്ഷ്ടിക്കാൻ വിക്രമിന് കഴിഞ്ഞു. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡാണ് ‘വിക്രം’ സ്വന്തമാക്കിയത്. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് നേടിയത്. വിജയ് നായകനായ ‘ബിഗിൽ’ ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം.
കമൽ ഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രം നിർമ്മിച്ചത്. ലോകേഷിനൊപ്പം രത്നകുമാറും ചേർന്ന് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് ഫിലോമിൻ രാജ്, സംഘട്ടന സംവിധാനം അൻപറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ
ബാഹുബലിയെ പിന്നിലാക്കി വിക്രം; 150 കോടിയുമായി റെക്കോർഡ് സ്വന്തമാക്കി കമലും സംഘവും
Advertisements