തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെ അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടാണ് രാഹുല്‍ അറസ്റ്റിലായത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചകളിലും പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മറ്റുരണ്ടുകേസില്‍ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോണ്‍മെന്റ് പോലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലീസ് രണ്ടുകേസുകളിലും മ്യൂസിയം പോലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.