ദില്ലി: ലൈഫ് മിഷൻ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നല്കിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസില്‍ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതല്‍ റിമാൻഡിലായിരുന്നു. പിന്നീട് ആഗസ്റ്റിലാണ് ജയില്‍ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ വിദഗ്ധർ നല്കിയ റിപ്പോർട്ടും എം ശിവശങ്കർ ഹാജരാക്കിയിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിൻ്റെ അഭിഭാഷകൻ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയായിരുന്നു ജാമ്യം.