തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി 22ന് വിധി പറയും.ശനിയാഴ്ച കോടതി കേസ് പരിഗണിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ സംശയങ്ങള്‍ തീര്‍ക്കുംവിധം കേസ് അന്വേഷിക്കാനാകില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. നൂറുകണക്കിന് സാക്ഷികളുടെ മൊഴി ശേഖരിച്ചിരുന്നു. ഫോണ്‍ രേഖകളും പരിശോധിച്ചു. ബാലഭാസ്‌കറിന്റെ ഫോണ്‍ രേഖകള്‍ ഡിആര്‍ഐ അവരുടെ അന്വേഷണത്തിന്റെ ഭാഗമായി സി–ഡാക് മുഖേന പരിശോധിച്ചു.ബാലഭാസ്‌കറിന്റെ ഭാര്യ, മാനേജര്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചു. ദുരൂഹതയും കണ്ടെത്താനായില്ല. തെളിവുണ്ടെങ്കില്‍ അച്ഛനമ്മമാര്‍ കോടതിയില്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നും സിബിഐ വാദിച്ചു. വിശദാന്വേഷണം നടത്തിയാല്‍ കേസിലെ ദുരൂഹത നീങ്ങുമായിരുന്നുവെന്ന് ഹര്‍ജിക്കാരും വാദിച്ചു. ബാലഭാസ്‌കറിന്റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതിനെതിരെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛനമ്മമാര്‍ കോടതിയെ സമീപിച്ചത്.