മഡ്ഗാവ്: ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്.2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെർത്തുറപ്പിച്ചത്. ആദ്യപാദത്തില്‍ 2-0 നാണ് ബെംഗളൂരു ജയിച്ചത്.
സ്വന്തം മൈതാനത്ത് മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ചാണ് ഗോവ കളിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോർജ ഹെറേരയും 88-ാം മിനിറ്റില്‍ അർനാണ്ടോ സാദിക്കുമാണ് വലകുലുക്കിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു.