ബാംഗളൂരു: ഫാക്ടറിക്കുള്ളില്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്ന തൊഴിലാളിയെ പോലീസ് രക്ഷപ്പെടുത്തി. രാമനഗരജില്ലയിലെ മഹബൂബ് നഗറില്‍ തൊഴിലുടമ ചങ്ങലക്കിട്ടിരുന്ന 24 കാരനെയാണ് തിങ്കളാഴ്ച വൈകുന്നേരം പോലീസ് രക്ഷപ്പെടുത്തിയത്.
തൊഴിലുടമയുടെ കയ്യില്‍ നിന്നും പണം അഡ്വാൻസ് വാങ്ങിയ ശേഷം ഒരു മാസത്തോളം ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് തൊഴിലാളിയായ മുഹമ്മദ് വസീമിന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. എസ്‌ഐയു സില്‍ക്‌സിന്റെ ഉടമയായ സയ്യിദ് ഇസാമില്‍ നിന്ന് ഇയാള്‍ 1.5 ലക്ഷം രൂപ വായ്പയെടുത്തു എന്നു പറയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒമ്പത് ദിവസം മുൻപ് ജോലിയില്‍ തിരിച്ചെത്തിയ വസീമിനെ തൊഴിലുടമ സയ്യിദ് ഇസാം വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ല. കടം തീര്‍ക്കുന്നത് വരെ രാവും പകലും ജോലി ചെയ്യാൻ വസീമിനോട് ആവശ്യപ്പെട്ടു. അഞ്ച് മാസം മുൻപാണ് വസീം ഫാക്ടറിയില്‍ ജോലിക്ക് ചേര്‍ന്നതെന്നും കുടുംബ അടിയന്തര ആവശ്യങ്ങള്‍ക്കായി ഒന്നരലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇസാമിനും ഫാക്ടറി സൂപ്പര്‍വൈസര്‍ സയ്യിദ് അംജദിനുമെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ വസീമിന്റെ കാലുകളില്‍ ചങ്ങലയിട്ട് രാത്രി ഫാക്ടറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു.
അവര്‍ക്കെതിരെ അടിമത്ത നിര്‍മാര്‍ജന നിയമം-1976, സെക്ഷൻ 343 (നിയമവിരുദ്ധമായ തടങ്കല്‍), 374 (നിയമവിരുദ്ധമായ തൊഴില്‍),ഐപിസി 34 (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.